
ഷാര്‍ജ: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം മലയാളിക്ക്. ഷാര്‍ജയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് അസ്ലമിനാണ് സമ്മാനം ലഭിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ നടന്ന നറുക്കെടുപ്പിലാണ് അസ്ലമിന്റെ 294-ാം സീരീസിലുള്ള 0369 ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്.
ടിക്കറ്റെടുത്തെങ്കിലും കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ അസ്ലം ടിക്കറ്റ് വീട്ടില്‍ മറന്നുവെയ്ക്കുകയായിരുന്നു. സമ്മാനം ലഭിച്ചെന്ന വാര്‍ത്ത ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം നാട്ടില്‍ വിളിച്ച് ടിക്കറ്റ് അവിടെത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തതെന്ന് അസ്ലം പറഞ്ഞു. 12 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന അസ്ലം ഇപ്പോള്‍ എമിറേറ്റ്സ് നാഷണല്‍ ഫാക്ടറി ഫോര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയിലാണ് ജോലി ചെയ്യുന്നത്.
ഏഴ് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്ന അസ്ലം ഐറിഷ് വില്ലേജ് ഷോപ്പില്‍ നിന്നാണ് ടിക്കറ്റെടുത്തത്. പലപ്പോഴും കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ടിക്കറ്റെടുത്തിരുന്നതെങ്കിലും ഒറ്റയ്ക്കെടുത്ത ടിക്കറ്റിനാണ് ഒടുവില്‍ സമ്മാനം ലഭിച്ചത്. 1999ല്‍ തുടങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇതുവരെ വിജയിയാവുന്ന 139-ാമത്തെ ഇന്ത്യക്കാരനാണ് അസ്ലം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.