
ഷാര്‍ജ: കുറ്റകൃത്യങ്ങളും അപകടങ്ങളും കുറച്ച് ഷാര്‍ജ യുഎഇയിലെ സുരക്ഷിത എമിറേറ്റ് എന്ന ഖ്യാതിയിലേക്ക് മുന്നേറുന്നു. ജനങ്ങളിലെ സുരക്ഷിതബോധം 98 ശതമാനമാക്കി ഉയര്‍ത്താനായതായാണ് ഷാര്‍ജ പൊലീസ് പറയുന്നത്. കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും പോയവര്‍ഷം നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയതായി വകുപ്പ് മേധാവികള്‍ അറിയിച്ചു.
ലഹരി വസ്തുക്കളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരേ നടത്തിയ പ്രചാരണങ്ങളും ലക്ഷ്യം കണ്ടു. ഇതുസംബന്ധിച്ച കേസുകളില്‍ 61 ശതമാനത്തിന്റെ കുറവ് 2018ല്‍ രേഖപ്പെടുത്തി. റോഡുകളിലെ അപകടങ്ങള്‍ കുറയ്ക്കാനായി എന്നതാണ് കഴിഞ്ഞ വര്‍ഷത്തെ വലിയ നേട്ടമായി ഷാര്‍ജ പൊലീസ് കാണുന്നത്.
2017-ല്‍ 103 വലിയ അപകടങ്ങളുണ്ടായപ്പോള്‍ അത് 83 ആയി കുറഞ്ഞു. അപകടങ്ങളുണ്ടായാല്‍ അടിയന്തര ഘട്ടങ്ങളില്‍ 9.6 മിനിറ്റുകൊണ്ട് സംഭവ സ്ഥലത്തെത്തിച്ചേരാന്‍ ഇപ്പോള്‍ പോലീസിന് കഴിയുന്നതായി ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സെറി അല്‍ഷംസി പറഞ്ഞു. സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ടും മറ്റും ജയിലിലായ ഒട്ടേറെ പേര്‍ക്ക് ഷാര്‍ജ ഭരണാധികാരി ഇടപെട്ട് മോചനം നല്കി.
സാമ്പത്തിക കാര്യങ്ങളിലെ തര്‍ക്കങ്ങളുമായി എത്തിയ 6210 കേസുകളില്‍ 31.3 കോടി ദിര്‍ഹത്തിന്റെ ഇടപാടുകളാണ് പോലീസ് ഇടപെട്ട് പരിഹരിച്ചത്. വിവിധതലങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി എമിറേറ്റിലെ ജനങ്ങളുടെ സന്തോഷ സൂചിക 69.6 ശതമാനമായി ഉയര്ന്നിതായും പോലീസ് കണക്കുകള്‍ നിരത്തി വിശദീകരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.