Currency

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ വിസ തട്ടിപ്പ്; ജാഗ്രത വേണമെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗം

സ്വന്തം ലേഖകന്‍Tuesday, April 2, 2019 1:10 pm

ദുബായ്: സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ വിസാ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അനധികൃത കമ്പനികളും വ്യക്തികളും കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന തൊഴില്‍ പരസ്യങ്ങളില്‍ നൂറുകണക്കിനാളുകള്‍ കബളിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വസ്തുതകള്‍ ഉറപ്പു വരുത്തണമെന്നും എമിഗ്രേഷന്‍ വിഭാഗം നിര്‍ദേശിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ഇതുമൂലം ദുരിതത്തിലായത്.

സന്ദര്‍ശകരും താമസക്കാരും തട്ടിപ്പിനിരയായവരില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യാജ സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് പലര്‍ക്കും വലിയ തുക തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതും. അനധികൃത വിസാ സ്ഥാപനങ്ങളെ സമീപിക്കുന്നത് ഉപേക്ഷിക്കണമെന്നും എമിഗ്രേഷന്‍ മേധാവി ആവശ്യപ്പെട്ടു.

പോയ വര്‍ഷം 584 ടൂറിസ്റ്റ് കമ്പനികള്‍ ഉള്‍പ്പെടെ ദുബായിലെ പതിനായിരത്തിലേറെ സ്ഥാപനങ്ങളില്‍ എമിഗ്രേഷന്‍ വിഭാഗം പരിശോധന നടത്തി. ഇതില്‍ 119 കമ്പനികള്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നവരാണെന്ന് കണ്ടെത്തുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x