Currency

ഇഅ്ത്തിക്കാഫിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, May 1, 2019 8:08 pm

റിയാദ്: റമദാനില്‍ ഹറമുകളില്‍ ഇഅ്ത്തികാഫ് ഇരിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഇരുഹറം കാര്യാലയം. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ റമദാന്‍ 10 വരെയും, മദീനയിലെ മസ്ജിദുന്നബവിയില്‍ റമദാന്‍ 15 വരെയുമാണ് രജിസ്‌ട്രേഷനുള്ള സമയം. മസ്ജിദുല്‍ ഹറാമില്‍ റമദാന്‍ 19 മുതലും മസ്ജിദുന്നബവിയില്‍ റമദാന്‍ 20 മുതലുമാണ് ഇഅ്ത്തികാഫ് ആരംഭിക്കുക.

അല്‍ ഹറമൈന്‍ എന്ന മൊബൈല്‍ ആപ്പ് വഴിയോ, വെബ്സൈറ്റ് വഴിയോ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാം. ഇഅ്ത്തികാഫിനെത്തുന്നവര്‍ കൃത്യമായി നിയമങ്ങളും വ്യവസ്ഥകളും പാലിക്കണമെന്നും ഇരുഹറം കാര്യാലയം അറിയിച്ചു. റമദാന്‍ അവസാന ദിവസം രാത്രി ഇശാ നമസ്‌കാരം വരെ ഇഅ്ത്തികാഫ് തുടരാം. മസ്ജിദുന്നബവിയില്‍ പടിഞ്ഞാറെ ഭാഗം മേല്‍തട്ടാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

റമദാന്‍ 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഇരുഹറമുകളിലും അനുമതി പത്രം വിതരണം ചെയ്യും. ഓരോരുത്തര്‍ക്കും സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ പ്രത്യേകം കാബിനുകളുണ്ടായിരിക്കും. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇഅ്ത്തികാഫിന് അനുമതിയുളളൂ. കുടുംബ സമേതം വരുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് കഴിയാന്‍ അനുവാദമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x