Currency

വാക്‌സിനും മുലപ്പാലും കുട്ടികളുടെ അവകാശം

സ്വന്തം ലേഖകന്‍Wednesday, May 1, 2019 8:26 pm

ദുബായ്: യുഎഇ നിയമപ്രകാരം വാക്‌സിനെടുക്കുന്നത് കുട്ടികളുടെ അവകാശമായാണ് കണക്കാക്കിയിരിക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു. വാക്‌സിനുകള്‍ എടുക്കാതിരിക്കുന്നതും മുലയൂട്ടാതിരിക്കുന്നതും രക്ഷിതാക്കളുടെ അശ്രദ്ധയായി കണക്കാക്കുമെന്ന് ഡിഎച്ച്എ അധ്യക്ഷ ഡോ. ശഹര്‍ബാന്‍ അബ്ദുല്ല പറഞ്ഞു.

2016ലെ ശിശുസംരക്ഷണ നിയമമായ ‘വദീമ നിയമ’പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. ശാരീരികവും വൈകാരികവും ലൈംഗികവും മാനസികവുമായ ചൂഷണങ്ങള്‍ക്ക് പുറമെ രക്ഷിതാക്കളുടെ അശ്രദ്ധയും നിയമത്തിന്റെ പരിധിയില്‍ വരും.

അമ്മയുടെ ഗര്‍ഭധാരണ കാലം മുതല്‍ കുട്ടിക്ക് 18 വയസ് തികയുന്നത് വരെ വദീമ നിയമത്തിന്റെ സംരക്ഷണമുണ്ടാകും. അസുഖമുള്ള കുട്ടികള്‍ക്ക് ശരിയായ ചികിത്സയും മരുന്നും ലഭ്യമാക്കിയില്ലെങ്കില്‍ രക്ഷിതാക്കള്‍ കുറ്റക്കാരാവും. കുട്ടികളുടെ സാമൂഹികവും ആരോഗ്യപരവുമായ അവകാശമായാണ് വാക്‌സിനുകളെ കണക്കാക്കുന്നത്.

മുലയൂട്ടല്‍ സംബന്ധിച്ചും ഇത് തന്നെയാണ് നിയമം. അമ്മയുടെ അസുഖങ്ങളല്ലാതെ മറ്റൊരു കാരണങ്ങളുടെ പേരിലും കുഞ്ഞിനെ മുലയൂട്ടാതിരിക്കാന്‍ പാടില്ല. കുട്ടികള്‍ക്കുണ്ടാവുന്ന ഏത് ദുരനുഭവവും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടത് സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് നിയമം വ്യക്തമാക്കുന്നു. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോരിറ്റിയിലോ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രനിലോ അല്ലെങ്കില്‍ ദുബായ് പൊലീസിലോ ഇത്തരം കാര്യങ്ങള്‍ അറിയിക്കാം.

സ്വന്തം അച്ഛനും മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ എട്ട് വയസുകാരിയായ സ്വദേശി പെണ്‍കുട്ടി ‘വദീമ’യുടെ പേരിലാണ് യുഎഇയിലെ ശിശുസംരക്ഷണ നിയമം അറിയപ്പെടുന്നത്. യുഎഇ പൗരന്മാരുടെയും ഇവിടെ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെയും കുട്ടികള്‍ക്ക് നിയമം ഒരുപോലെ ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x