Currency

ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ഭാഗ്യ സമ്മാനം; ദുബായില്‍ നേടിയത് 7 കോടി

സ്വന്തം ലേഖകന്‍Thursday, May 2, 2019 12:51 pm

മനാമ: ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തിലൂടെ ഏഴു കോടി രൂപയാണ് സാറാ ഇല്‍റാഹ് അഹമ്മദ് എന്ന 21കാരിക്ക് ലഭിച്ചത്. ബഹ്‌റൈനില്‍ താമസിക്കുന്ന സാറ മുംബൈയില്‍ നിന്നും ദുബായ് വഴി മനാമയിലേക്ക് പോവുകയായിരുന്നു. എന്നാല്‍, വിമാനം ആറു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ സാറ കുടുങ്ങി. ഈ സമയത്താണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുത്തത്.

299 സീരീസിലെ 2790 എന്ന നമ്പറിലെ ടിക്കറ്റാണ് സാറ എടുത്തത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനവും ഈ ടിക്കറ്റിനു തന്നെ. 1999 ല്‍ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 141മത് ഇന്ത്യക്കാരിയാണ് സാറ.

മാര്‍ച്ച് അവസാനത്തോടെയാണ് ടിക്കറ്റ് എടുത്തതെന്ന് അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ സാറ പറയുന്നു. ആദ്യമായി എടുത്ത ഈ ടിക്കറ്റിനു തന്നെ ഒന്നാം സമ്മാനം ലഭിച്ചുവെന്ന കാര്യം വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഈ സര്‍പ്രൈസ് പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് സാറ പറയുന്നു.

സുഡാനിലെ നൈല്‍ യൂണിവേഴ്‌സിറ്റിയിലാണ് സാറ തന്റെ മെഡിക്കല്‍ പഠനം നടത്തുന്നത്. പിതാവ് സുഡാന്‍ പൗരനും മാതാവ് ഇന്ത്യക്കാരിയുമാണ്. ബഹ്‌റൈനില്‍ സ്ഥിരതാമസം ആക്കിയവരാണ് ഇവര്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള സാറ പക്ഷേ, ഉന്നത വിദ്യാഭ്യാസത്തിന് തിരഞ്ഞെടുത്തത് സുഡാന്‍ ആയിരുന്നു. ചെറുപ്പം മുതലേ ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം. ഇനിയും പഠിക്കാനുണ്ട്. ഇപ്പോഴുള്ളത് പൂര്‍ത്തിയാക്കിയ ശേഷം സര്‍ജിക്കല്‍ റസിഡന്‍സി പഠിച്ച് സര്‍ജന്‍ ആകണമെന്നാണ് ആഗ്രഹം. ഉന്നതവിദ്യാഭ്യാസം യൂറോപ്പില്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിന് സമ്മാനമായി ലഭിച്ച ഈ പണം വലിയ സഹായം ചെയ്യുമെന്നാണ് കരുതുന്നതെന്നും സാറ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x