Currency

ദുബായില്‍ ചുറ്റിയടിക്കാം, സ്റ്റോപ് ഓവര്‍ പാസുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Monday, May 6, 2019 1:37 pm

ദുബായ്: ഹ്രസ്വ സന്ദര്‍ശനത്തിനു ദുബായില്‍ എത്തുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്റ്റോപ് ഓവര്‍ പാസ്. ആകര്‍ഷകമായ പാക്കേജുകളുമുണ്ട്. ബുര്‍ജ് ഖലീഫ, ദുബായ് ഫൗണ്ടന്‍ ഷോ, പ്രത്യേക ബസില്‍ നഗരത്തിലൂടെ ഉല്ലാസയാത്ര, മറീനയില്‍ ക്രൂസ് വിരുന്ന്, ദുബായ് അക്വേറിയം, ദുബായ് ഫ്രെയിം എന്നിവയാണു പാക്കേജിലുള്ളത്. ഇതില്‍ രണ്ടു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരാള്‍ക്ക് 199 ദിര്‍ഹമാണു നിരക്ക്.

കുട്ടികള്‍ക്ക് 169. മൂന്നു സ്ഥലങ്ങളാണെങ്കില്‍ ഒരാള്‍ക്ക് 279 ദിര്‍ഹവും (കുട്ടികള്‍ക്ക് 226 ദിര്‍ഹം) 4 സ്ഥലങ്ങളാണെങ്കില്‍ ഒരാള്‍ക്ക് 385 ദിര്‍ഹവുമാണ് (കുട്ടികള്‍ക്ക് 336 ദിര്‍ഹം) നിരക്ക്. വിവരങ്ങള്‍ക്ക്: www.dubaipass.ae. ഇമെയില്‍: info-dubai@iventurecard.com. സാധാരണ സന്ദര്‍ശനത്തേക്കള്‍ 60% പണം ലാഭിക്കാമെന്നതാണ് പദ്ധതിയുടെ നേട്ടമെന്ന് ദുബായ് കോര്‍പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് (ഡിസിടിസിഎം) സിഇഒ: ഇസാം കാസിം പറഞ്ഞു.

മറ്റു സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാന്‍ ദുബായ് വിമാനത്താവളങ്ങള്‍വഴി കടന്നുപോകുന്ന (ട്രാന്‍സിറ്റ്) യാത്രക്കാര്‍ക്ക് അടുത്ത വിമാനത്തിന് നാലുമണിക്കൂറിലേറെ സമയമുണ്ടെങ്കില്‍ പുറത്തിറങ്ങി നഗരക്കാഴ്ചകള്‍ കാണാന്‍ അനുവാദമുണ്ട്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുബായ് വഴിയാണ് യാത്ര ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x