Currency

പ്രവാസികള്‍ക്കു ആശ്വാസം; കെട്ടിട വാടക കുറയുന്നു, മൂന്നു വര്‍ഷത്തേക്ക് കൂടില്ല

സ്വന്തം ലേഖകന്‍Tuesday, May 14, 2019 2:19 pm

ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസമായി ദുബായില്‍ കെട്ടിട വാടക കുറയുന്നതായി സൂചന. ദുബായിയുടെ ഹൃദയ ഭാഗങ്ങളായ ബര്‍ദുബായിലും കരാമയിലും അപാര്‍ട്‌മെന്റുകളുടെയും ഫ്‌ലാറ്റുകളുടെയും വാടക 20 മുതല്‍ 25% വരെ കുറയുന്നെന്നാണു വിവരം. മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന തിരക്കേറിയ പ്രദേശങ്ങളാണ് കരാമയും ബര്‍ദുബായിയും. ഇവിടെ നിന്ന് യുഎഇയുടെ എല്ലാ ഭാഗത്തേക്കും യാത്ര എളുപ്പമാണെന്നതാണ് ആളുകളെ ഇവിടെ താമസിക്കാന്‍ പ്രേരിപ്പിക്കുന്നത്.

വാടക കുറഞ്ഞതോടെ ഷാര്‍ജ, അജ്മാന്‍ തുടങ്ങി ഉമ്മുല്‍ഖുവൈനില്‍ വരെ താമസമാക്കിയിരുന്ന ദുബായ് വീസക്കാര്‍ ബര്‍ദുബായ്, കരാമ എന്നിവിടങ്ങളിലേയ്ക്കു മടങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡൗണ്‍ടൗണ്‍, ബിസിനസ് ബേ എന്നീ പ്രദേശങ്ങളിലും വാടക കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം നിലവിലെ താമസക്കാര്‍ക്ക് വാടക കുറച്ചു നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തയ്യാറാകുന്നില്ല. പുതുതായി എടുക്കുന്നവര്‍ക്കാണ് കുറഞ്ഞ വാടകയ്ക്ക് താമസ സ്ഥലം ലഭിക്കുന്നത്.

2009ല്‍ ദുബായ് മെട്രോ വന്നതു മുതലാണ് കരാമ, ബര്‍ദുബായ് പ്രദേശങ്ങളില്‍ കെട്ടിട വാടക കുത്തനെ ഉയര്‍ന്നത്. അതേസമയം 3 വര്‍ഷത്തേക്ക് വാടക കൂട്ടാന്‍ പാടില്ലെന്ന നിയമം അടുത്തിടെ ദുബായിലും പ്രാബല്യത്തില്‍ വന്നിരുന്നു. ഈ നിയമം നേരത്തേതന്നെ ഷാര്‍ജയില്‍ നടപ്പിലാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x