
ഓസ്ട്രേലിയ: സ്കോട്ട് മോറിസന് വീണ്ടും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി. അപ്രതീക്ഷിത വിജയവുമായി ലിബറല്‍ സഖ്യം അധികാരത്തിലെത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ 31ാം പ്രധാനമന്ത്രിയായാണ് മോറിസന് വീണ്ടും കസേരയിലേക്കെത്തുന്നത്. ഭാര്യ ജെന്നി മോറിസനും രണ്ടു പെണ്മക്കള്ക്കും ഒപ്പമെത്തിയാണ് സിഡ്നിയിലെ വെന്റ്വര്‍ത്ത് ഹോട്ടലിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് അദ്ദേഹം പ്രവര്‍ത്തകരെ കണ്ടത്. സ്കോമോ എന്ന ആര്‍പ്പുവിളികളുമായി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റു.
‘ഞാന്‍ എപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു. ഇന്ന് മറ്റൊരത്ഭുതം കൂടി സംഭവിച്ചു’. ഈ വാചകങ്ങളുമായാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം പ്രഖ്യാപിച്ചത്. ലിബറല്‍ പാര്‍ട്ടിയിലെ നേതൃത്വ പോരുകള്‍ക്കൊടുവില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് സ്കോട്ട് മോറിസന് പ്രധാനമന്ത്രിയാകുന്നത്. ഏറെ മാസങ്ങളായി അഭിപ്രായവോട്ടെടുപ്പുകളിലെല്ലാം പിന്നിലായിരുന്ന ലിബറല്‍ പാര്‍ട്ടി, അധികാരത്തില്‍ നിന്ന് പുറത്തുപോകുമെന്നാണ് എക്സിറ്റ് പോളുകളും സൂചിപ്പിച്ചത്. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് സ്കോട്ട് മോറിസന്റെ നേതൃത്വത്തില്‍ സഖ്യം വീണ്ടും ഭരണം നേടുന്നത്.
പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍ തന്നെ ഫോണില്‍ വിളിച്ചു എന്നു പറഞ്ഞ മോറിസന്, ഷോര്‍ട്ടന്‍ നന്ദി അറിയിച്ചു. പാര്‍ലമെന്റില്‍ ലിബറല്‍ സഖ്യത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. 151 അംഗ പാര്‍ലമെന്റില്‍ കുറഞ്ഞത് 74 സീറ്റുകള്‍ സഖ്യം ഉറപ്പാക്കിക്കഴിഞ്ഞു. 76 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പോലും ന്യൂനപക്ഷ സര്‍ക്കാരായി ഭരിക്കാന്‍ മോറിസന് കഴിയും. മുന്‍ പ്രധാനന്ത്രി ടോണി ആബറ്റിന്റെ തോല്‍വിക്കിടെയാണ് ലിബറല്‍ സഖ്യം അപ്രതീക്ഷിത തെരഞ്ഞെടുപ്പ് വിജയം നേടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.