Currency

ഓസ്ട്രേലിയയില്‍ ഫ്‌ലൂ ബാധ: 63 മരണം; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, May 22, 2019 1:04 pm

ഓസ്ട്രേലിയ: തണുപ്പുകാലം തുടങ്ങിയതോടെ ഓസ്ട്രേലിയയില്‍ ഫ്‌ലൂ ബാധ കഠിനമാകുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 44,160 പേര്‍ക്കാണ് ഇതുവരെ ഫ്‌ലൂ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 63 പേര്‍ ഇതിനോടകം ഫ്‌ലൂ ബാധിച്ച് മരണമടഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ വിക്ടോറിയയില്‍ മാത്രം മൂന്ന് കുട്ടികളുള്‍പ്പെടെ 26 പേരും സൗത്ത് ഓസ്ട്രേലിയയില്‍ 27 പേരുമാണ് മരണമടഞ്ഞത്.

ഫ്‌ലൂ ബാധ സ്ഥിരീകരിച്ചവരില്‍ 11,053 പേര്‍ സൗത്ത് ഓസ്ട്രേലിയയിലും 10,984 ന്യൂ സൗത്ത് വെയില്‍സിലുമാണ്. കൂടാതെ ക്വീന്‍സ്ലാന്റില്‍ നിന്നും 9,902ഉം വിക്ടോറിയയില്‍ നിന്നും 8,493 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്ക് പുറമെ ഏജ്ഡ് കെയറില്‍ കഴിയുന്നവരെയാണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്.

ഇത് കുട്ടികളെയും സാരമായി ബാധിക്കുന്നതിനാല്‍ ആറ് മാസത്തിന് മേല്‍ പ്രായമായവര്‍ എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പല സംസ്ഥാന സര്‍ക്കാരുകളും സൗജന്യ കുത്തിവയ്പ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫ്‌ലൂ ബാധിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x