
ഷാര്‍ജ: പ്രഥമ ഇമാറാത്തി പുസ്തകോത്സവത്തിന് ഷാര്‍ജയില്‍ തുടക്കം. ശൈഖ് മുഹമ്മദ് ബിന്‍ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഷാര്‍ജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടക്കുന്ന മേള ഈ മാസം 28 വരെ നീണ്ടുനില്‍ക്കും. ഇമാറാത്തി എഴുത്തു കാരുടെ ആയിര കണക്കിന് പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തോടെ ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് പുസ്തക മേള സംഘടിപ്പിച്ചിരിക്കുന്നത്. 25 സ്വദേശി പ്രസാധകരാണ് മേളയില്‍ പങ്കാളിത്തം വഹിക്കുന്നത്. ഷാര്‍ജയെ യുനെസ്‌കോ ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക പരിപാടികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇമാറാത്തി പുസ്തകോത്സവം. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വിപുലമായ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന മേളയിലേക്ക് രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 12.30 വരെയാണ് പ്രവേശനം. സെമിനാറുകളും ശില്‍പ ശാലകളും മേളയുടെ പ്രത്യേകതയാണ്. ജുമാ അല്‍മാജിദ് സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജുമായി സഹകരിച്ച് ഒരുക്കിയിട്ടുള്ള ഇമാറാത്തി റൈറ്റേഴ്‌സ് മ്യൂസിയം മേളയുടെ പ്രധാന ആകര്‍ഷണമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.