Currency

ദുബായില്‍ വന്നിറങ്ങുന്ന ടൂറിസ്റ്റുകള്‍ക്ക് ഇനി സൗജന്യ സമ്മാനം

സ്വന്തം ലേഖകന്‍Monday, June 17, 2019 9:02 pm

ദുബായ്: ദുബായില്‍ വന്നിറങ്ങുന്ന ടൂറിസ്റ്റുകള്‍ക്കായി സൗജന്യ സമ്മാനമൊരുക്കി അധികൃതര്‍. സന്ദര്‍ശകര്‍ക്ക് ഏറെ ഉപകരിക്കുന്ന സൗജന്യ പ്രീ പെയിഡ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡാണ് അനുവദിക്കുക. ഒരു മാസത്തെ സമയ പരിധിയുള്ള ഡു സിം കാര്‍ഡായിരിക്കും സൗജന്യമായി വിതരണം ചെയ്യുക. ട്രാന്‍സിറ്റ് വിസ, സന്ദര്‍ശക വിസ, വിസ ഓണ്‍ അറൈവല്‍, ജിസിസി പൗരന്മാര്‍ എന്നിവര്‍ക്കും ഇതു ലഭിക്കും. സഞ്ചാരികളെ സന്തുഷ്ടരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയുടെ കണക്ട് വിത് ഹാപ്പിനസ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ സിം കാര്‍ഡ് വിതരണം. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സിം ലഭിക്കുകയുള്ളൂ. മൂന്നു മിനിറ്റ് ടോക് ടൈം, 20 എംബി മൊബൈല്‍ ഡാറ്റ എന്നിവയും സൗജന്യമായുള്ള സിം കാര്‍ഡ് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്നായിരിക്കും കൈമാറുകയെന്ന് ദുബായ് എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 1, 2, 3ലൂടെ എത്തുന്നവര്‍ക്ക് സിം ലഭ്യമാകും. വിനോദ സഞ്ചാരികള്‍ യു.എ.ഇയില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതോടെ സിം പ്രവര്‍ത്തന രഹിതമാകുമെന്ന് ഡു എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫവാദ് അല്‍ ഹാസാവി പറഞ്ഞു. സ്‌മോള്‍, മീഡിയം, ലാര്‍ജ് പാക്കേജുകളില്‍ സിം ടോപ് അപ് ചെയ്യാനും സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x