Currency

യുഎഇയില്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, June 28, 2019 5:49 pm

അബുദാബി: സോഷ്യല്‍ മീഡിയയിലൂടെ അനധികൃതമായി സാധനങ്ങള്‍ വില്‍ക്കുന്നതിന് യുഎഇയില്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വീടുകളിലിരുന്ന് പോലും ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യുക, തയ്യല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുക, വസ്ത്രങ്ങളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വിതരണം ചെയ്യുക തുടങ്ങിയവയൊക്കെ ചെയ്യുന്നതിന് യുഎഇയില്‍ ട്രേഡ് ലൈസന്‍സ് ആവശ്യമാണ്.

വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വീട്ടിലുണ്ടാക്കിയ ഭക്ഷണം, തുടങ്ങിയവയൊക്കെ വാട്‌സ്ആപ് വഴി വില്‍പ്പന നടത്തുന്നവര്‍ നിരവധിയുണ്ട്. ലൈവ് വീഡിയോകള്‍ വഴിയും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തരത്തിലുള്ള വില്‍പനകള്‍ നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈനിലൂടെ ഏത് തരം വ്യാപാര പ്രവര്‍ത്തനങ്ങളും നടത്തണമെങ്കില്‍ യുഎഇയില്‍ ട്രേഡ് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അനധികൃത വ്യാപാരം നടത്തിയിരുന്ന നിരവധി വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പേജുകളും അടച്ചുപൂട്ടണമെന്ന് യുഎഇ വാണിജ്യ മന്ത്രാലയം ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോരിറ്റിയോട് നിര്‍ദേശിച്ചിരുന്നു.

ലൈസന്‍സ് എടുക്കാതെ വ്യാപാരം നടത്തുന്ന വ്യക്തികളുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് അടുത്തകാലത്തായി ഉണ്ടാകുന്നതെന്ന് യുഎഇയില്‍ നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x