Currency

ഈ സ്കൂളിൽ ഹോംവർക്കുകൾ നിരോധിച്ചിരിക്കുന്നു!

സ്വന്തം ലേഖകൻWednesday, September 28, 2016 3:14 pm

ബ്രിട്ടണിലെ എസക്സിലെ കോൾചെസ്റ്ററിലുള്ള ഫിലിപ്പ് മോരന്റ് സ്കൂൾ ആൻഡ് കോളെജ് ഹോംവർക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ലണ്ടൻ: ഹോംവർക്കുകൾ കാലങ്ങളായി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാണ്. എന്നാൽ ബ്രിട്ടണിലെ എസക്സിലെ കോൾചെസ്റ്ററിലുള്ള ഫിലിപ്പ് മോറന്റ് സ്കൂൾ ആൻഡ് കോളെജ് ഹോംവർക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. തങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ വീട്ടിലിരുന്ന് പഠിക്കാനുള്ള സൗകര്യം വെബ്സൈറ്റ് വഴി ഒരുക്കിയിട്ടുമുണ്ട് ഈ സെക്കൻഡറി സ്കൂൾ.

രക്ഷിതാക്കൾക്ക് അയച്ച കത്തിൽ സ്കൂൾ അധികൃതർ പറയുന്നത് കുട്ടികൾക്ക് കൂടുതൽ ചുമതലാബോധം നൽകാനും സ്വയം പഠിച്ചു വളരാനുള്ള ശേഷി വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായകമാകും എന്നാണ്. അതിനാൽ പരമ്പരാഗത രീതിയിൽ നിന്നും മാറി ഹോംവർക്കുകൾ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് കുട്ടികളെ അവരുടെ ഇഷ്ടത്തിനു പഠിക്കാൻ വിടുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഹോംവർക്കുകൾ ഒഴിവാക്കിയത് മൂലം തങ്ങളുടെ പഠിപ്പിക്കേണ്ട പാഠങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നാൻ സാധിക്കുന്നുണ്ടെന്നു അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ ഒരുപാട് സമയം കുട്ടികളുടെ ഹോംവർക്ക് നോക്കാനായി ചെലവഴിച്ചിരുന്നെന്നും ഇപ്പോൾ ആ സമയം കൂടുതൽ ഫലവത്തായ രീതിയിൽ ഉപയോഗിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു. 1,650 വിദ്യാർത്ഥികളാണു സ്കൂളിൽ പഠിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓഫ്സ്റ്റെഡ് റേറ്റിംഗിൽ മികച്ച നിലവാരം പുലർത്തിയ സ്കൂളുമാണ് ഫിലിപ്പ് മോറന്റ് സ്കൂൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x