Currency

ശൈഖ് മുഹമ്മദിന് സമ്മാനം; മലയാളി പെണ്‍കുട്ടി പാടിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

സ്വന്തം ലേഖകന്‍Tuesday, July 16, 2019 2:31 pm

ദുബായ്: എഴുപതിലെത്തിയ പ്രിയ ഭരണാധികാരി ശൈഖ് മുഹമ്മദിന് സമ്മാനമായി മലയാളി പെണ്‍കുട്ടി പാടിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വ്യത്യസ്തമായ സമ്മാനമായിട്ടാണ് ഈ പാട്ടിനെ അറബ്ലോകവും ഏറ്റെടുത്തത്.

ലോക റെക്കോര്‍ഡ് നേട്ടങ്ങള്‍ നിരവധി കൈവരിച്ച ശൈഖ് മുഹമ്മദിനെക്കുറിച്ച് ഗാനലാപനം നടത്തിയത് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സുചേത സതീഷാണ്. പ്രമുഖ ഇമറാത്തി കവി ഡോ. ശിഹാബ് ഗാനീം കുറിച്ച 50 വര്‍ഷങ്ങള്‍ എന്ന കവിതയുടെ സംഗീതാവിഷ്‌കാരമാണിത്. അസാമാന്യ മികവോടെയാണ് അറബിയില്‍ സുചേതയുടെ ആലാപനം. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിട്ടുകൊണ്ട് 102 ഭാഷകളില്‍ ഗാനം ആലപിച്ച് നേരത്തെ സുചേത റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തിലാണ് ഗാനാവതരണം. ബോളിവുഡിലെ പ്രമുഖ സംഗീത സംവിധായകന്‍ മോന്തി ശര്‍മയാണ് പാട്ടിന് ഈണം നല്‍കിയത്. ശൈഖ് മുഹമ്മദിന്റെ പിറന്നാള്‍ ദിന ഭാഗമായി കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് കോണ്‍സുല്‍ ജനറല്‍ നീരജ് അഗള്‍വാളിന് കോപ്പികള്‍ നല്‍കി ഡോ. ശിഹാബ് ഗാനീം പ്രകാശനം നിര്‍വഹിച്ചു.

102 ഭാഷകളില്‍ സംഗീതം ആലപിച്ചതിന്റെയും ഏറ്റവും ദൈര്‍ഘ്യമേറിയ സംഗീത കച്ചേരി നടത്തിയതിന്റെയും റെകോര്‍ഡുകള്‍ സ്വന്തമാക്കിയ സുചേതക്ക് ശൈഖ് മുഹമ്മദിനെ നേരില്‍ കണ്ട് ഈ ഉപഹാരം സമര്‍പ്പിക്കണമെന്നാണ് ആഗ്രഹം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x