
അബുദാബി: യുഎഇ വീസ അസ്സലാണോ വ്യാജനാണോ എന്ന് ഓണ്‍ലൈനിലൂടെ പരിശോധിച്ച് അറിയാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിച്ച് വ്യാജ സന്ദര്‍ശക/തൊഴില്‍ വിസ നല്‍കി പണം തട്ടുന്ന സംഭവം വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി.
വ്യാജ വീസയില്‍ എത്തുന്നയാളുകള്‍ക്ക് പ്രവേശനാനുമതി ലഭിക്കില്ല. ഇവരെ ആഗമന ഹാളില്‍വച്ചുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചയക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ യാത്രയ്ക്കു മുന്‍പ് വീസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
യുഎഇയിലെ താമസ കുടിയേറ്റ വകുപ്പില്‍നിന്നോ ടൂറിസം വകുപ്പില്‍നിന്നോ നേരിട്ടോ അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍, ടൂര്‍ ഏജന്‍സികളില്‍നിന്നോ മാത്രമേ വീസ എടുക്കാവൂ എന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ദുബായ് ടൂറിസം വകുപ്പ് വെബ്‌സൈറ്റില്‍ അംഗീകൃത ഏജന്‍സികളുടെ പേരും വിലാസവും നമ്പറും കൊടുത്തിട്ടുണ്ട്.
www.amer.ae വെബ്‌സൈറ്റില്‍ വീസ എന്‍ക്വയറി വിഭാഗത്തില്‍ പോയ ശേഷം വീസ നമ്പര്‍, പേര്, ജനന തീയതി, രാജ്യം എന്നിവ ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്താല്‍ വിവരം ലഭിക്കും. അസ്സല്‍ വീസയാണെങ്കില്‍ വീസയുടെ പകര്‍പ്പ് കാണാം. ഇഷ്യൂ ചെയ്ത തീയതിയും തീരുന്ന കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വ്യാജനാണെങ്കില്‍ മിസ് മാച്ച് എന്ന് കാണിക്കും. എമിഗ്രേഷന്‍, ആമര്‍ സെന്റര്‍, തസ്ഹീല്‍ സെന്റര്‍, അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളിലൂടെയും പരിശോധിക്കാവുന്നതാണ്. ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വീസ ഒറിജിനലാണോ എന്ന് അറിയാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.