Currency

ഇ-സ്‌കൂട്ടര്‍ കൂടുതല്‍ മേഖലകളില്‍ ഉപയോഗിക്കാന്‍ അബുദാബിയില്‍ അനുമതി

സ്വന്തം ലേഖകന്‍Tuesday, September 17, 2019 3:54 pm

അബുദാബി: പരിസ്ഥിതി സൗഹൃദ ഇ-സ്‌കൂട്ടര്‍ കൂടുതല്‍ മേഖലകളില്‍ ഉപയോഗിക്കാന്‍ അബുദാബി ഗതാഗത വകുപ്പ് അനുമതി നല്‍കി. അല്‍ ദാന, അല്‍ ബത്തീന്‍, എന്നിവിടങ്ങളില്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്. കോര്‍ണിഷിലും ഖലീഫ സ്ട്രീറ്റിലും ഉപയോഗിക്കാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.

ചെലവ് കുറവും പരിസ്ഥിതി സൗഹൃദവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഇ-സ്‌കൂട്ടറിന് അബുദാബിയില്‍ ഇതോടെ പ്രചാരമേറും. ഇ-സ്‌കൂട്ടര്‍ അംഗീകൃത കേന്ദ്രമായ സര്‍കില്‍നിന്ന് വാടകയ്ക്ക് എടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ദ് ഫസ്റ്റ് ആന്‍ഡ് ലൈസ്റ്റ് മൈല്‍ എന്ന പ്രമേയത്തില്‍ തുടങ്ങിയ ഇ-സ്‌കൂട്ടര്‍ സേവനത്തിലൂടെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും.

ഗതാഗതക്കുരുക്ക് കുറയ്ക്കാനും പദ്ധതി സഹായിക്കും. ഗതാഗത വകുപ്പിന്റെ അനുമതിയും ലൈസന്‍സും എടുക്കുകയാണെങ്കില്‍ കമ്പനികള്‍ക്ക് ജീവനക്കാരുടെ പോക്കുവരവിന് ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കാവുന്നതാണെന്നും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിലെ ട്രാഫിക് സ്റ്റഡീസ് വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല അല്‍ അര്‍യാനി പറഞ്ഞു.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുവാഹനമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ (ഇ-സ്‌കൂട്ടര്‍). രണ്ടോ മൂന്നോ ചെറുചക്രങ്ങളുള്ള വാഹനമാണിത്. ഉയരമുള്ള ഹാന്‍ഡിലോടു കൂടിയ ഇതില്‍ കയറി നിന്നാല്‍ നടവഴികളിലൂടെയും മറ്റും വേഗത്തില്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 15 മൈലാണ് പരമാവധി വേഗം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x