Currency

ദുബായില്‍ ഹെവി ലൈസന്‍സ് നേടുന്ന ആദ്യ വനിതയായി മലയാളി യുവതി

സ്വന്തം ലേഖകന്‍Thursday, October 3, 2019 4:17 pm

ദുബായ്: ദുബായില്‍ ഹെവി വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് നേടുന്ന ആദ്യ വനിതയെന്ന നേട്ടത്തിനുടമയായി മലയാളി യുവതി. ഖിസൈസിലെ സ്വകാര്യ സ്‌കൂള്‍ ബസില്‍ കണ്ടക്ടറായിരുന്ന കൊല്ലം കുരീപ്പുഴ സ്വദേശിനി സുജ തങ്കച്ചനാണ് ദുബായിയുടെ ചരിത്രത്തില്‍ തന്നെ സ്വന്തം പേരെഴുതി ചേര്‍ത്തത്. നാട്ടില്‍ സ്‌കൂട്ടര്‍ മാത്രം ഓടിച്ചുള്ള പരിചയം മാത്രമുണ്ടായിരുന്ന സുജ കഠിന പരിശ്രമത്തിലൂടെയാണ് ദുബായിലെ ഹെവി ലൈസന്‍സെന്ന കടമ്പ കടന്നത്.

ആറു തവണയാണ് ലൈസന്‍സിനുള്ള ടെസ്റ്റില്‍ സുജ പരാജയപ്പെട്ടത്. പരിശീലനം തുടര്‍ന്ന് ഏഴാം തവണ ടെസ്റ്റ് പാസായി. ബസിലെ കണ്ടക്ടര്‍ സ്ഥാനത്തുനിന്ന് ഇനി ഡ്രൈവര്‍ സീറ്റിലേക്ക്. സ്‌കൂള്‍ ബസിലെ കണ്ക്ടര്‍ ജോലി കിട്ടി മൂന്ന് വര്‍ഷം മുന്‍പാണ് സുജ ദുബായിലെത്തിയത്.

ഒന്‍പത് മാസം മുന്‍പാണ് ദുബായിലെ അല്‍ അഹ്‌ലി ഡ്രൈവിങ് സ്‌കൂളില്‍ പരിശീലനം തുടങ്ങിയത്. ദുബായില്‍ തന്നെ നഴ്‌സായ സഹോദരന്‍ ഡൊമിനിക്, അച്ഛന്‍ തങ്കച്ചന്‍, അമ്മ ഗ്രേസി തുടങ്ങിയവരെല്ലാം പിന്തുണയുമായി ഒപ്പം നിന്നു. ടെസ്റ്റിലെ പരാജയങ്ങള്‍ക്കൊടുവില്‍ ഏഴാം ശ്രമത്തില്‍ ലൈസന്‍സ് സ്വന്തമാക്കിയപ്പോള്‍ അത് ദുബായിലെ പുതിയ ചരിത്രവുമായി. ദുബായില്‍ ഹെവി ലൈസന്‍സ് സ്വന്തമാക്കുന്ന ആദ്യ വനിതയാണ് സുജയെന്ന് അധികൃതര്‍ അറിയിച്ചു. സുജയ്ക്ക് പ്രത്യേക അനുമോദനവും അധികൃതര്‍ നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x