Currency

യു.എ.ഇയില്‍ കൂടുതല്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചതായി അധികൃതര്‍

സ്വന്തം ലേഖകന്‍Saturday, October 5, 2019 11:50 am

അബൂദബി: യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ കൂടുതല്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചതായി അധികൃതര്‍. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കനുസരിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം രണ്ടാം പാദത്തില്‍ 2.2 ശതമാനം വളര്‍ച്ചയാണ് നേടിയത്. രണ്ടാം പാദത്തില്‍ മൊത്തം തൊഴിലാളികളുടെ എണ്ണം 51 ലക്ഷം ആയി ഉയര്‍ന്നു. ആദ്യ പാദത്തിലെ കണക്കനുസരിച്ച് 50.6 ലക്ഷം തൊഴിലാളികളായിരുന്നു.

യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2018ല്‍ യു.എ.ഇയുടെ തൊഴില്‍ വിപണിയിലെ പുതിയ ജോലികളുടെ എണ്ണം 1,37,000 ആയതായി സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.രാജ്യത്തെ തൊഴില്‍ മേഖലയുടെ വളര്‍ച്ചയും സമ്പദ്‌വ്യവസ്ഥയുടെ കരുത്തുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഈ വര്‍ഷാരംഭം മുതലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രമാണമനുസരിച്ച് രണ്ടാം പാദത്തില്‍ സ്വകാര്യമേഖലയിലെ തൊഴിലുകളില്‍ ഒരു ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ 0.1 ശതമാനം വര്‍ധനവുമാത്രമാണുണ്ടായത്. കാര്‍ഷികം, ഖനനം, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബ്രോക്കറേജ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഉയര്‍ച്ച അഞ്ചു ശതമാനവും റിയല്‍ എസ്റ്റേറ്റ് മേഖല 8.2 ശതമാനവുമായിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തിലെ തൊഴില്‍ വര്‍ധനവ്. ആദ്യ പാദത്തില്‍ ഇത് യഥാക്രമം 4.4 ശതമാനവും 4.9 ശതമാനവുമായിരുന്നു. നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് യു.എ.ഇയിലെ 45.7 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x