Currency

ആംബുലന്‍സ് സേവനം ഇനി വേഗത്തില്‍; കരാര്‍ ഒപ്പുവച്ചു

സ്വന്തം ലേഖകന്‍Monday, October 14, 2019 12:57 pm

ദുബായ്: സേവനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസും ദുബായ് മുനിസിപ്പാലിറ്റി ജിയോസ്‌പേഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി (ജിഐഎസ്) ധാരണാപത്രം ഒപ്പുവച്ചു. വിവിധ വകുപ്പുകളില്‍ നിന്നും പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അധികാരമുള്ള ഏക സ്ഥാപനമാണ് ജിഐഎസ്. ദുബായിയുടെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും പുതിയ കെട്ടിട വിവരങ്ങളും ആംബുലന്‍സ് സര്‍വീസ് അതോറിറ്റിക്കു ലഭിക്കാന്‍ പുതിയ കരാര്‍ സഹായിക്കും. ഇതിലൂടെ സേവനം ലഭ്യമാക്കുന്നതിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ആംബുലന്‍സ് സര്‍വീസിനു കഴിയും.

ജിഐസ് ഡയറക്ടര്‍ മറിയം ഒബൈദ് അല്‍ മുഹൈരിയും ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസ് സ് ആക്ടിങ് ഡയറക്ടര്‍ മെഷാല്‍ അബ്ദുല്‍ കരിം ജുല്‍ഫാറുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ജിയോ ദുബായ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടിട്ടുണ്ടെന്നും ദുബായിയെ സംബന്ധിച്ച വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മറിയം ഒബൈദ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x