Currency

ഡ്രൈവറില്ലാ വാഹനങ്ങള്‍; പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങി ദുബായ്

സ്വന്തം ലേഖകന്‍Friday, October 18, 2019 1:26 pm

ദുബായ്: ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി വികസന ഭാവിയിലേക്കു കുതിക്കാന്‍ ദുബായ് ഒരുങ്ങുന്നു. ഡ്രൈവറില്ലാ മെട്രോയ്ക്കു പിന്നാലെയാണ് വിപ്ലവകരമായ മുന്നേറ്റം. ഡ്രൈവറില്ലാ ടാക്‌സി കാറുകളും ബസുകളും പരീക്ഷണ ഓട്ടത്തിലാണ്. ഹെലികോപ്റ്റര്‍ ടാക്‌സി വൈകാതെ പറന്നുയരും. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഡ്രൈവര്‍ലെസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ചു.

ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. വാഹനത്തില്‍ കയറി ലക്ഷ്യം രേഖപ്പെടുത്തിയാല്‍ സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് ആര്‍ടിഎ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാരുണ്ടാകും. സേവനം 100 ശതമാനവും കാര്യക്ഷമമെന്ന് ഉറപ്പാക്കിയശേഷം ഡ്രൈവര്‍മാരെ പിന്‍വലിക്കും. 2030 ആകുമ്പോഴേക്കും ദുബായിലെ പൊതുവാഹനങ്ങളില്‍ 25 ശതമാനവും ഇതാകുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

സുരക്ഷ ഉറപ്പാക്കാന്‍ നൂതന സെന്‍സറുകളും ക്യാമറകളും വാഹനങ്ങളില്‍ ഉണ്ടാകും. നിര്‍മിതബുദ്ധി ഉപയോഗിച്ചാകും പ്രവര്‍ത്തനം. ചുറ്റുമുള്ള വാഹനങ്ങള്‍, ട്രാക്കുകള്‍ എന്നിവയെയും വഴിയാത്രക്കാരെയും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. എത്ര തിരക്കുള്ള റോഡിലും അനായാസം സഞ്ചരിക്കാന്‍ കഴിയും. ഡ്രൈവര്‍മാര്‍ക്കു സംഭവിക്കാവുന്ന പിഴവുകള്‍ ഈ വാഹനങ്ങളില്‍ ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x