Currency

സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധനയില്‍ മാറ്റമില്ല

സ്വന്തം ലേഖകന്‍Monday, November 25, 2019 12:43 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കില്‍ മാത്രമേ ട്യൂഷന്‍ ഫീസ് ഈടാക്കാവൂ എന്നും നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിപ്പ് നല്‍കി. പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമെ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. ഫീസ് വര്‍ധന വിലക്കി കഴിഞ്ഞ വര്‍ഷം മന്ത്രാലയം കൈക്കൊണ്ട തീരുമാനം പുതിയ അധ്യയന വര്‍ഷത്തിലും നിലനില്‍ക്കുന്നതാണ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറബ് സ്‌കൂളുകള്‍ക്കും ദ്വിഭാഷ സ്‌കൂളുകള്‍ക്കും ഇന്ത്യന്‍, പാകിസ്താനി, ബ്രിട്ടീഷ്, ജര്‍മന്‍, ഫ്രഞ്ച് വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.

ഇത്തരം സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x