
ദുബായ്: അപകടമുണ്ടായാല്‍ അടുത്തുള്ള പൊലീസ് കേന്ദ്രത്തിലേക്ക് ഉടനടി ഓട്ടോമാറ്റിക്കായി സന്ദേശം എത്തുന്ന ഇ-കാള്‍ സംവിധാനം രാജ്യത്തെ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ തീരുമാനം. 2021 മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങളിലെല്ലാം ഈ സംവിധാനം ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേഡൈസേഷന്‍ ആന്‍ഡ് മീറ്ററോളജി (എസ്മ)യുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഇ-കാള്‍ സംവിധാനമാണ് വാഹനങ്ങളിലുണ്ടാവുകയെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടമുണ്ടായാലുടന്‍ വാഹനത്തിലെ ഐ.വി.എസ് സിസ്റ്റം മുഖേനെ പൊലീസ് സ്‌റ്റേഷനിലേക്ക് അപായ സൈറന്‍ എത്തും. അപകടം നടന്ന സ്ഥലം, സമയം, യാത്രക്കാരുടെ എണ്ണം, വാഹനം മറിഞ്ഞുവോ എന്നതടക്കം സ്ഥിതിവിവരങ്ങള്‍ എന്നിവയെല്ലാം പൊലീസിലെത്തും. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളിലും ഇവ സ്ഥാപിക്കാനാണ് പദ്ധതി. കാറുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. അപകടമുണ്ടായ വിവരം റിപ്പോര്‍ട്ട് ചെയ്യാനുള്ള സമയം കുറക്കാനും രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാക്കുക വഴി മരണസംഖ്യയും അപകടങ്ങളുടെ ഗുരുതരാവസ്ഥയും കുറക്കാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.