Currency

ബുര്‍ജ് ഖലീഫക്ക് പത്ത് വയസ്; ഉയരത്തില്‍ മുമ്പന്‍ ഖലീഫ തന്നെ

സ്വന്തം ലേഖകന്‍Sunday, January 5, 2020 11:32 am

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ട് പത്തുവര്‍ഷം തികയുന്നു. ബുര്‍ജ് ദുബായ് എന്ന പേരില്‍ നിര്‍മാണം ആരംഭിച്ച ഈ കെട്ടിട വിസ്മയം ബുര്‍ജ് ഖലീഫ എന്ന പേര് സ്വീകരിച്ചതും ഈ ദിവസമാണ്.

632 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഷാങ്ഹായ് ടവറിനെ നിഷ്പ്രഭമാക്കി ബുര്‍ജ് ഖലീഫ ലോക റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചത് 2010 ജനുവരി നാലിനാണ്. ഉയരം 828 മീറ്റര്‍. ബുര്‍ജ് ഖലീഫയെ വെല്ലുന്ന കെട്ടിടങ്ങള്‍ പലത് പ്രഖ്യാപിക്കപ്പെട്ടെങ്കിലും പത്ത് വര്‍ഷം പിന്നിടുമ്പോഴും ഉയരത്തില്‍ മുമ്പന്‍ ഖലീഫ തന്നെ. 2004 ല്‍ നിര്‍മാണം ആരംഭിച്ച 163 നില കെട്ടിടം അഞ്ച് വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍.

പതിനഞ്ചിലേറെ ലോകറെക്കോര്‍ഡുകള്‍ ബുര്‍ജ് ഖലീഫക്ക് സ്വന്തം പേരിലുണ്ട്. ഏറ്റവും ഉയരുമുള്ള കെട്ടിടം, ഭൂമിയിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര നിര്‍മിതി, ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടം, ഏറ്റവും നീളത്തില്‍ സഞ്ചരിക്കുന്ന ലിഫ്റ്റ്, ഏറ്റവും ഉയരത്തിലെ റെസ്റ്റോറന്റ്, നിശാക്ലബ് തുടങ്ങി ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന പുതുവല്‍സര വെടിക്കെട്ട് വരെ തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡുകളായി നില്‍ക്കുന്നു. അമേരിക്കന്‍ ആര്‍ക്കിടെക്ട് അഡ്രിയാന്‍ സ്മിത്താണ് ബുര്‍ജ് ഖലീഫ രൂപകല്‍പന ചെയ്തത്.

2004 ഡിസംബര്‍ ആറിന് തുടങ്ങിയ നിര്‍മാണം 2009 ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തിയായി. നേരത്തേ ബുര്‍ജ് ദുബായ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ഉദ്ഘാടന ദിവസമാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാനോടുള്ള ആദര സൂചകമായി ബുര്‍ജ് ഖലീഫ എന്ന് നാമകരണം ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x