
ദുബായ്: ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള പ്രക്രിയ കൂടുതല്‍ ലളിതമാക്കിക്കൊണ്ട് ദുബായ് ആരോഗ്യ അതോറിറ്റിയുടെ അറിയിപ്പ്. അറബ് ഹെല്‍ത്ത് 2020 എന്ന എക്സിബിഷനില്‍ വെച്ചാണ് ‘അല്‍ ഹംദ്’ എന്ന പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരോഗ്യ അതോറിറ്റി ഉദ്ഘാടനം ചെയ്തത്.
ഇനി ദുബായിലെ ഏത് പ്രൈവറ്റ്/ഗവണ്‍മെന്റ് ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ആയി ഫോമുകള്‍ പൂരിപ്പിക്കാനും ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുമാകും. ഇതിന്റെ ഹാര്‍ഡ് കോപ്പികള്‍ റാഷിദ്, ദുബായ്, ലത്തീഫ, ഹട്ട എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ നിന്ന് പ്രിന്റ് ചെയ്തുവാങ്ങാവുന്നതുമാണ്. ജുമൈറ ലേക്ക് ടവേഴ്സിലും, അപ്ടൗണ്‍ മിര്‍ഡിഫിലും ഉള്ള മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളില്‍ നിന്നും ഹാര്‍ഡ് കോപ്പികള്‍ ലഭിക്കുന്നതാണ്.
മുമ്പ് ആരോഗ്യവകുപ്പിന്റെ അല്‍ ബറാഹ ആശുപത്രിയില്‍ നിന്ന് മാത്രമാണ് ജനന/മരണ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുള്ള സംവിധാനം ഉണ്ടായിരുന്നത്. ദുബായ് ആരോഗ്യവകുപ്പ് ഇതിനകം തന്നെ നൂറോളം ഡോക്ടര്‍മാര്‍ക്ക് പുതിയ ഇലക്ട്രോണിക് സംവിധാനത്തില്‍ വേണ്ട പരിശീലനം നല്‍കിയിട്ടുണ്ട്.
അല്‍ ഹംദ് എന്ന പുതിയ സംവിധാനം വരുന്നതോടെ എല്ലാം ‘പേപ്പര്‍ലെസ്സ്’ ആവുകയായി. എല്ലാ സമ്പര്‍ക്കങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയാണ് നടക്കുക. ആറു സെന്ററുകളില്‍ ഏതെങ്കിലും ഒന്നില്‍ ചെന്ന് 70 ദിര്‍ഹംസ് നല്‍കി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാകും എന്നതിനാല്‍ ‘ലീഗല്‍ ട്രാന്‍സ്ലേഷന്‍’ നടത്താന്‍ വേണ്ടി പാടുപെടേണ്ട കാര്യവും ഇനിയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.