
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 56 ആയി. തിങ്കളാഴ്ച കാലത്ത് ആരോഗ്യമന്ത്രാലയംവിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാജ്യത്തു പുതുതായി പത്തു പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്.
ഇറാനില്‍ നിന്ന് വിമാനമാര്‍ഗം കുവൈത്തില്‍ എത്തിയവര്‍ ആണ് വൈറസ് ബാധ സ്ഥിരീകരിച്ച 56 പേരും. ഇവര്‍ക്ക് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശാനുസരണമുള്ള കൃത്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആരുടേയും ആരോഗ്യനിലയില്‍ ആശങ്ക ഇല്ലെന്നും ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ബുതൈന അല്‍ മുദഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇറാന്‍, ബാങ്കോക്ക് എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചെത്തിച്ച കുവൈത്ത് പൗരന്മാര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ഇറാനില്‍ നിന്ന് 434 പേരെയും ബാങ്കോക്കില്‍ നിന്ന് 189 പേരെയും ആണ് വിമാനമാര്‍ഗം തിരിച്ചെത്തിച്ചത്.
അതിനിടെ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തുര്‍ക്കിയില്‍നിന്ന് ഒരുകോടി മാസ്‌ക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ കുവൈത്ത് വാണിജ്യ മന്ത്രായലം തുര്‍ക്കി ഭരണകൂടവുമായി കരാറില്‍ ഒപ്പിട്ടു. മാസ്‌കുകളുടെ ഇറക്കുമതി ഈ ആഴ്ച ആരംഭിക്കുമെന്നും മാസ്‌ക് ക്ഷാമം മുതലാക്കി വില വര്‍ധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നുണ്ടെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.