Currency

കോവിഡ് 19: യുഎഇയില്‍ സ്‌കൂളുകള്‍ 4 ആഴ്ച അടച്ചിടും

സ്വന്തം ലേഖകന്‍Wednesday, March 4, 2020 11:08 am

അബൂദബി: യുഎഇയില്‍ പുതിയ ആറ് കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സ്‌കൂളുകള്‍ നാലാഴ്ച അടച്ചിടാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഞായറാഴ്ച മുതലാണ് വിദ്യാലയങ്ങള്‍ അടക്കുക. കോവിഡ് 19 റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഈ മാസം അവസാനം ആരംഭിക്കേണ്ട വസന്തകാല അവധി ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന വിധമാണ് സ്‌കൂളുകള്‍ അടക്കുക. ഈ കാലയളവില്‍ സ്‌കൂളിലെ ഉപകരണങ്ങളും വാഹനങ്ങളും അണുവിമുക്തക്കാന്‍ നടപടി സ്വീകരിക്കും. വിദൂരപഠനത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 27 ആയി ഉയര്‍ന്നു. രണ്ട് റഷ്യന്‍, രണ്ട് ഇറ്റാലിയന്‍, ജര്‍മന്‍, കംബോഡിയന്‍ സ്വദേശികള്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. സൈക്കിളിങ് മല്‍സരവുമായി ബന്ധപ്പെട്ട് യുഎഇയില്‍ എത്തിയവരാണ് ഇവര്‍. ഇതില്‍ പങ്കെടുക്കുന്ന രണ്ട് ഇറ്റാലിയന്‍ താരങ്ങള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x