Currency

കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്കു പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം

സ്വന്തം ലേഖകന്‍Friday, March 27, 2020 9:19 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും പിഴ കൂടാതെ രാജ്യം വിടാന്‍ അവസരം. ഏപ്രില്‍ ഒന്ന് മുതല്‍ മുപ്പത് വരെ പ്രഖ്യാപിച്ച ഇളവ് പ്രകാരം നിയമലംഘകര്‍ക്ക് മറ്റു നടപടിക്രമങ്ങള്‍ ഒന്നും കൂടാതെ സ്വന്തം നാടുകളിലേക്ക് പോകാന്‍ സാധിക്കും. നിയമപരമായ മാര്‍ഗത്തില്‍ വീണ്ടും കുവൈത്തിലേക്ക് തിരിച്ചു വരുന്നതിനും തടസ്സമുണ്ടാകില്ല. ആഭ്യന്തരമന്ത്രി അനസ് അല്‍സാലിഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

നാട്ടിലേക്ക് മടങ്ങുന്നതിനു ഭരണപരമോ നിയമപരമോ ആയ തടസ്സങ്ങള്‍ ഉള്ള വിദേശികള്‍ക്ക് താമസകാര്യ വകുപ്പിനെ സമീപിച്ചു തങ്ങളുടെ കേസുകള്‍ പുനഃപരിശോധനക്കു വിധേയമാക്കാന്‍ അവസരമുണ്ടാകും. നിശ്ചിത സമയത്തിനുള്ളില്‍ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.

താഴെ പറയുന്ന ആറോളം വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പിഴ അടച്ചു താമസരേഖ ശരിയാക്കുന്നത്തിനും അനുമതി നല്‍കുന്നുണ്ട്:

1. കുവൈത്ത് പൗരന്മാരുടെ വിദേശി ഭാര്യമാര്‍.

2. കുവൈത്ത് പൗരന്മാരുടെ വിദേശികളായ മാതാപിതാക്കള്‍.

3. കുവൈത്തി വനിതകളുടെ വിദേശി ഭര്‍ത്താക്കമാരും അവരുടെ മക്കളും.

4. കുവൈത്തികളില്‍ നിന്നും വിവാഹമോചനം നേടുകയോ വിധവയാവുകയോ ചെയ്ത എന്നാല്‍ തങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന മക്കളുള്ള വിദേശവനിതകള്‍.

5. ഗാര്‍ഹിക തൊഴിലാളികള്‍.

6. 2020 മാര്‍ച്ച് ഒന്നിന് ശേഷം താമസനിയമലംഘകരായവര്‍.

2018 ജനുവരിയിലാണ് കുവൈത്ത് അവസാനമായി പൊതുമാപ്പ് അനുവദിച്ചത്. അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ വിമാനസര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ ഇളവുകാലം എങ്ങനെ പ്രയോജനപ്പെടുത്തും എന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോകാന്‍ സന്നദ്ധത അറിയിച്ച ചില രാജ്യങ്ങള്‍ക്കു പ്രത്യേക വിമാനസര്‍വീസ് നടത്താന്‍ കുവൈത്ത് വ്യോമയാന വകുപ്പ് നേരത്തെ അനുമതി നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x