Currency

വിമാന സര്‍വീസ് ആരംഭിച്ചാല്‍ അടിയന്തരമായി എത്തേണ്ടവര്‍ക്ക് മുന്‍ഗണനയെന്ന് ഇന്ത്യന്‍ സ്ഥാനപതി

സ്വന്തം ലേഖകന്‍Saturday, April 18, 2020 10:19 am

അബുദാബി: ഇന്ത്യയിലേക്കു വിമാന സര്‍വീസ് ആരംഭിച്ചാല്‍ അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. മാറിയ സാഹചര്യത്തില്‍ പലരും നാട്ടിലേക്കു പോകാന്‍ ആഗ്രഹിച്ച് ഇരിക്കുകയാണെന്ന് അറിയാം. പ്രവാസികളെ സ്വീകരിക്കാന്‍ രാജ്യം സജ്ജമാണെന്ന സര്‍ക്കാരിന്റെ അറിയിപ്പു വന്നാല്‍ ഉടന്‍ യുഎഇ അധികൃതരുമായി സഹകരിച്ച് നടപടി ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്നും സഹായത്തിന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഒപ്പമുണ്ടെന്നും പറഞ്ഞു.

യുഎഇ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവാസികള്‍ക്ക് ആവശ്യമായ ചികിത്സയും സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കുന്നുണ്ടെന്നും സ്ഥാനപതി അറിയിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്തു സഹായത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനുകളിലൂടെ എംബസിയെ സമീപിക്കാം. ലേബര്‍ ക്യാംപിലും മറ്റും താമസിക്കുന്നവരില്‍ ആഹാരത്തിനു പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണവും രോഗികള്‍ക്ക് മരുന്നും എത്തിച്ചുവരുന്നു.

രോഗബാധിതര്‍ക്കു മാറി താമസിക്കാന്‍ ക്വാറന്റീന്‍ സൗകര്യവും ഒരുക്കുന്നുണ്ട്. പാചകം ചെയ്തു കഴിക്കാന്‍ സാധിക്കുന്നവര്‍ക്ക് വിവിധ സംഘടനകളുമായി സഹകരിച്ച് ഭക്ഷ്യോല്‍പന്നങ്ങളും എത്തിച്ചുവരുന്നു. വിവിധ കാരണങ്ങളാല്‍ മാനസിക പ്രയാസം നേരിടുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കൂട്ടായ്മ കൗണ്‍സിലിങ് നല്‍കുന്നുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x