
ദുബായ്: യു.എ.ഇയില്‍ മൂല്യവര്‍ധിത നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം മേയ് 28 വരെ നീട്ടി. വാറ്റ് ബാധകമായ രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ആശ്വാസം പകരുന്നതാണ് തീരുമാനം. കോവിഡ് പ്രതിരോധത്തിനായി 24 മണിക്കൂര്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ഇളവ്.
എല്ലാമാസവും വാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ കാലയളവിലെ വാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കാനാണ് മെയ് 28 വരെ സമയം അനുവദിക്കുക. നാലുമാസം കൂടുമ്പോള്‍ ക്വാര്‍ട്ടേഴ്‌ലി അടിസ്ഥാനത്തില്‍ വാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ നികുതി റിട്ടേണും മെയ് 28 ന് മുമ്പ് സമര്‍പിച്ചാല്‍ മതിയെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.
മറ്റ് കാലയളവിലെ നികുതികള്‍ക്കൊന്നും ഈ ഇളവ് ബാധകമായിരിക്കില്ല. ഈ മാസത്തെ വാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ഇളവ് ബാധകമാക്കിയ്യിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.