Currency

ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്ന എല്ലാവര്‍ക്കും രണ്ടു തവണ കൊവിഡ് പരിശോധന: പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍Sunday, June 28, 2020 4:58 pm

ഓസ്ട്രേലിയ: രാജ്യത്ത് കൊറോണവൈറസ് ബാധ വീണ്ടും കൂടുന്നതിനിടെ പുതിയ പരിശോധനാ മാനദണ്ഡം നടപ്പാക്കാന്‍ ദേശീയ ക്യാബിനറ്റ് തീരുമാനം. വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തുന്ന എല്ലാവരെയും ഹോട്ടല്‍ ക്വാറന്റൈന്‍ സമയത്ത് രണ്ടു തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. അതേസമയം, രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ഹോട്ടല്‍ ക്വാറന്റൈന്‍ തുടങ്ങും മുമ്പും, ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴുമാണ് പരിശോധന. തിരിച്ചെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടല്‍ ക്വാറന്റൈന്‍ തുടങ്ങി 48 മണിക്കൂറിനുള്ളിലാകും ആദ്യ പരിശോധന. ക്വാറന്റൈന്റെ 10-12 ദിവസങ്ങളില്‍ രണ്ടാം പരിശോധനയും നടത്തും.

ഭാവിയില്‍ ഈ പരിശോധനാ രീതി കൊണ്ട് രോഗബാധ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. ദേശീയ ക്യാബിനറ്റ് പ്രഖ്യാപിച്ച മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ ഇവാണ്:

നാലു ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്ന നിയന്ത്രണത്തിന് ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. ചെറിയ പ്രദേശങ്ങളില്‍ രണ്ടു ചതുരശ്രമീറ്ററില്‍ ഒരാളെ അനുവദിക്കാം എന്നാണ് ഇളവ്. കായിക- വിനോദ മേഖലകളില്‍ വരും മാസങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും ദേശീയ ക്യാബിനറ്റ് തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം അതിര്‍ത്തി തുറക്കുന്നത് വൈകും. ഓസ്ട്രേലിയന്‍ അതിര്‍ത്തികള്‍ എപ്പോള്‍ തുറക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറക്കും മുമ്പ് സംസ്ഥാന അതിര്‍ത്തികള്‍ തുറക്കാനും, ആഭ്യന്തര യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ അനുവദിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x