
വിക്ടോറിയ: വിക്ടോറിയയില്‍ കൊറോണവൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പൊലീസ് പിഴ ഈടാക്കി തുടങ്ങി. മൂന്നാം ഘട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം മെല്‍ബണ്‍ ഹോട്ട്സ്പോട്ടുകളില്‍ ഉള്ളവര്‍ നാല് ആവശ്യങ്ങള്‍ക്ക് മാത്രമേ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാന്‍ പാടുള്ളു എന്നാണ് നിര്‍ദ്ദേശം. പുതിയ നിയന്ത്രണമനുസരിച്ച് ഹോട്ട്സ്പോട്ടുകളില്‍ ഉള്ളവര്‍ക്ക് ജോലിക്കായോ, സ്കൂളിലേക്കോ, വ്യായാമത്തിനോ, അവശ്യ സാധനങ്ങള്‍ വാങ്ങാനോ മാത്രമേ പുറത്തേക്ക് പോകാന്‍ അനുവാദമുള്ളൂ.
ലോക്ക്ഡൗണ്‍ ചെയ്ത പ്രദേശങ്ങളിലുള്ളവര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സ്ട്രീറ്റുകളില്‍ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കി തുടങ്ങി. മൂന്നാം ഘട്ട നിയന്ത്രണം നടപ്പാക്കിത്തുടങ്ങിയതിന് ശേഷം കുറഞ്ഞത് ഏഴു പേരില്‍ നിന്ന് പിഴ ഈടാക്കിയതായി ചീഫ് കമ്മീഷണര്‍ ഷെയ്ന് പാട്ടന് അറിയിച്ചു.
നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് 1,652 ഡോളര്‍ പിഴ ലഭിക്കാമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ബിസിനസ്സുകള്‍ക്ക് 100,000 ഡോളര്‍ വരെയാണ് പിഴ. പ്രദേശങ്ങളിലുള്ള ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഓപ്പറേഷന് സനസിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും പൊലീസ് നടത്തിവരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.