
മെല്‍ബണ്‍: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മെല്‍ബണില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി മുതലാണ് മെല്‍ബണ്‍ നഗരവും പരിസരപ്രദേശങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുന്നത്. ആറാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍. മെല്‍ബണ്‍ മെട്രോപോളിറ്റന്‍ മേഖലയിലും വടക്കന്‍ മെല്‍ബണിലെ മിച്ചല്‍ ഷെയറിലുമാണ് സ്റ്റേജ് 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് എന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്.
സംസ്ഥാനത്ത് 191 പേര്‍ക്ക് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ വൈറസ്ബാധയാണ് ഇത്. ഇത്രയും ഉയര്‍ന്ന വൈറസ്ബാധയുള്ളപ്പോള്‍ കോണ്ടാക്റ്റ് ട്രേസിംഗിനും മറ്റു സുരക്ഷാ നടപടികള്‍ക്കും ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കുന്നത് സാധ്യമല്ലെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് ചൂണ്ടിക്കാട്ടി.
മുമ്പുണ്ടായിരുന്നതിനെക്കാള്‍ അപകടകരമായ സാഹചര്യത്തിലാണ് മെല്ബണെന്നും പ്രീമിയര്‍ മുന്നറിയിപ്പ് നല്കി. സ്റ്റേ അറ്റ് ഹോം, അഥവാ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശം കൊണ്ടുദ്ദേശിക്കുന്നത്, പ്രാഥമിക വസതിയില്‍ തന്നെ കഴിയണം എന്നാണെന്നും പ്രീമിയര്‍ പറഞ്ഞു.
മുമ്പ് അനുവദിച്ചിരുന്നത് പോലെ, നാല് അവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാകും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദം. അവശ്യമേഖലകളിലുള്ളവര്ക്ക് ജോലിക്ക് പോകാനോ, പഠനത്തിനായോ, വ്യായാമത്തിനായോ, അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനോ, ചികിത്സാ-പരിചരണ ആവശ്യങ്ങള്‍ക്കായോ മാത്രമേ പുറത്തു പോകാന്‍ കഴിയൂ.
മെട്രോ പ്രദേശത്തുള്ളവര്‍ക്ക് വ്യായാമത്തിനായി അതിനു പുറത്തേക്ക് പോകാന്‍ കഴിയില്ല. അവധിക്കാലം കഴിഞ്ഞ് അടുത്തയാഴ്ച മുതല്‍ സ്കൂള്‍ തുറക്കേണ്ടതാണ്. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും അടുത്ത തിങ്കളാഴ്ച സ്കൂള്‍ തുറക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.