Currency

കുവൈത്തില്‍ നിന്നുള്ള കമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ക്ക് തുടക്കം; പ്രതിദിനം 100 വിമാന സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Saturday, August 1, 2020 1:48 pm

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി നാലുമാസത്തോളമായി നിര്‍ത്തിവെച്ച സര്‍വീസുകളാണ് ഇന്ന് പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ മുപ്പത് ശതമാനം ശേഷിയിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

തുടക്കത്തില്‍ വിമാനത്താവളത്തിലെ നാല് ടെര്‍മിനലുകളില്‍നിന്നാണ് സര്‍വീസ് ഉണ്ടാകുക. ഇതിനായി ടെര്‍മിനലുകള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അകത്ത് കയറ്റില്ല. ആദ്യഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗിക്കാനാവുക. 30 ശതമാനം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. പ്രതിദിനം 100 വിമാന സര്‍വീസുകളാണ് ഉണ്ടാവുക. രാത്രി പത്തിനും പുലര്‍ച്ച നാലിനുമിടയില്‍ കമേഴ്‌സ്യല്‍ വിമാനങ്ങള്‍ ഉണ്ടാവില്ല.

ആരോഗ്യസുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന നിര്‍ദേശമുണ്ട്. പി.സി.ആര്‍ പരിശോധന നിര്‍ബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തില്‍നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്കാര്‍കുവൈത്ത് മുസാഫിര്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കുവൈത്തില്‍നിന്ന് തിരിച്ചുപോവുന്നവര്‍ക്ക് ഹാന്‍ഡ് ബാഗേജ് അനുവദിക്കില്ലെങ്കിലും അത്യാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും അടങ്ങിയ ചെറിയ ബാഗ് കയ്യില്‍ കരുതാം. ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് താത്കാലികമായി കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x