
മെല്‍ബണ്‍: കൊവിഡ് സ്ഥിരീകരിച്ചിട്ടുപോലും വീട്ടിലിരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കാനും പിഴ കുത്തനെ കൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഐസൊലേഷന്‍ ലംഘിക്കുന്നവര്‍ക്ക് ഉടനടി 4,659 ഡോളര്‍ വരെ പിഴശിക്ഷ നല്‍കുമെന്നും പ്രീമിയര്‍ പറഞ്ഞു. 1,652 ഡോളറായിരുന്നു ഇതുവരെയുള്ള പിഴ. എന്നാല്‍ പൊലീസിന് 4,659 ഡോളര്‍ വരെ പിഴയീടാക്കാന്‍ അധികാരമുണ്ടാകുമെന്ന് പ്രീമിയര്‍ വ്യക്തമാക്കി.
വൈറസ് ബാധയുള്ളപ്പോഴും ജോലിക്ക് പോകുന്നതുപോലുള്ള നടപടികള്‍ക്ക് പിഴ കൂടും. ഇത്തരത്തില്‍ സ്വാര്‍ത്ഥമായി പെരുമാറുന്നവരെയും, ഒന്നിലേറെ തവണ ഐസൊലേഷന്‍ ലംഘിക്കുന്നവരെയുമെല്ലാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും, 20,000 ഡോളര്‍ വരെ പിഴ നല്‍കുമെന്നും ഡാനിയല്‍ ആന്‍ഡ്ര്യൂസ് അറിയിച്ചു. നിലവില്‍ 10,000 ഡോളര്‍ വരെയായിരുന്നു കോടതിയില്‍ ഹാജരാക്കിയാല്‍ ഉള്ള പിഴ.
കൊവിഡ് സ്ഥിരീകരിച്ചിട്ടുപോലും വീട്ടിലിരിക്കാന്‍ തയ്യാറാകാത്തവരാണ് സമൂഹത്തില്‍ ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നതെന്ന് പ്രീമിയര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മൂവായിരത്തോളം പേരുടെ വീടുകളാണ് ഓസ്‌ട്രേലിയന്‍ സൈനിക ഓഫീസര്‍മാരും ആരോഗ്യവകുപ്പ് ഓഫീസര്‍മാരും ഇതുവരെ സന്ദര്‍ശിച്ചത്. ഇതില്‍ 800 പേരും വീട്ടില്‍ ഇല്ലായിരുന്നു എന്ന് പ്രീമിയര്‍ അറിയിച്ചു. പലരും വ്യായാമത്തിന് പുറത്തുപോയി എന്ന വാദമാണ് ഉയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാനും പിഴ കുത്തനെ കൂട്ടാനും തീരുമാനിച്ചത്.
കര്‍ഫ്യൂ സമയത്ത് ജോലി ചെയ്യാന്‍ പെര്‍മിറ്റ്:
രാത്രി എട്ടു മുതല്‍ രാവിലെ അഞ്ചു മണി വരെ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍, ഈ സമയത്ത് പുറത്തിറങ്ങേണ്ടവര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് പ്രീമിയര്‍ അറിയിച്ചു. തൊഴില്‍ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടവര്‍ക്കാണ് പെര്‍മിറ്റ് നല്‍കുന്നത്. തൊഴിലുടമയും പുറത്തിറങ്ങേണ്ടയാളും ഒപ്പിട്ട പെര്‍മിറ്റാകും ഇത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.