
ദുബായ്: നീറ്റ് പരീക്ഷയ്ക്ക് നാട്ടില്‍ പോകുന്നവര്‍ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്. ക്വാറന്റീന് കാലാവധിയായ 14 ദിവസം പൂര്‍ത്തിയാക്കിയിട്ടു പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ സാധാരണ രീതിയിലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയാകും. എന്നാല്‍ ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് പരീക്ഷ എഴുതേണ്ടതായി വരുന്നവര്‍ക്ക് സാനിറ്റൈസ്ഡ് കോറിഡോര്‍ (അണുവിമുക്ത ഇടനാഴി) സൗകര്യം ലഭ്യമാക്കണം.
അവരെ ക്വാറന്റീന് കേന്ദ്രത്തില്‍ നിന്നോ വീടുകളില്‍ നിന്നോ പ്രത്യേക വാഹനങ്ങളില്‍ വേണം പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാനും തിരികെ കൊണ്ടുപോകാനും. ഇവര്‍ക്ക് പ്രത്യേക സ്ക്രീനിങ് സൗകര്യം നല്‍കണം. മറ്റുള്ള വിദ്യാര്‍ഥികളുമായി ഇടപഴകാന്‍ അനുവദിക്കില്ല. പ്രത്യേക പരീക്ഷാ ഹാളില്‍ വേണം ഇവരെ ഇരുത്താന്‍. സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനു പുറമേ സാനിറ്റൈസറുകള്‍, മൂന്നു ലെയര്‍ മാസ്ക് എന്നിവ ധരിക്കുന്നു എന്നും ഉറപ്പാക്കണം.
ക്വാറന്റീന് കാലാവധിയായ 14 ദിവസം പൂര്‍ത്തിയാക്കും മുന്‍പ് പരീക്ഷ കഴിഞ്ഞ് തിരികെ വിദേശത്തേക്ക് മടങ്ങേണ്ടവര്‍ക്ക് അതിനും അനുമതിയുണ്ട്. പക്ഷേ നാട്ടിലുള്ള ദിവസങ്ങളത്രയും അവര്‍ ക്വാറന്റീനില്‍ കഴിയണം. പ്രത്യേക വാഹനത്തില്‍ വേണം വിമാനത്താവള യാത്രയും. അതേസമയം, നാട്ടില്‍ പോയി ഏതെങ്കിലും വിധത്തില്‍ കോവിഡ് പിടിപെട്ടവര്‍ക്കും പരീക്ഷ എഴുതാന്‍ അനുവാദം നല്‍കുമെന്ന് നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇവരെ പരീക്ഷയ്ക്കിരുത്താന്‍ പ്രത്യേക മുറി തന്നെ സജ്ജമാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
പരീക്ഷ എഴുതാന്‍ നാട്ടില്‍ പോകുന്നവര്‍ പിസിആര്‍ ടെസ്റ്റ് നടത്തി ആ വിവരം പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വിമാനത്താവളങ്ങളില്‍ ആരോഗ്യ സത്യവാങ് മൂലം നല്‍കുകയും വേണം. പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലമുള്ളവര്‍ക്ക് നേരെ വീടുകളില്‍ പോയി ക്വാറന്റീനില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.