Currency

ബാങ്കിങ് മേഖലയില്‍ സ്വദേശിവത്കരണം: മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം

സ്വന്തം ലേഖകന്‍Sunday, September 20, 2020 12:55 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്കുകളിലെ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം. കുവൈത്തി യുവാക്കളെ നിയമിക്കാനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്നും, ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങള്‍ കുവൈത്തികള്‍ക്കായി പരിമിതപ്പെടുത്തണമെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് ലോക്കല്‍ ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം.

ഉന്നത തസ്തികകളില്‍ കുവൈത്ത് പൗരന്മാരുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തണമെന്നും, സ്വദേശി ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന വിധം വേതനവും അവധിയും മറ്റ് ആനുകൂല്യങ്ങളും ക്രമീകരിക്കണമെന്നും എച്ച്.ആര്‍ മേധാവികളോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.

ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങള്‍ കുവൈത്തികള്‍ക്കായി പരിമിതപ്പെടുത്തണം. ബാങ്കുകളിലെ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ മേല്‍നോട്ടം സെന്‍ട്രല്‍ ബാങ്കിനായിരിക്കും. ഇതുവരെയുള്ള നിയമന ശതമാനവും വരും വര്‍ഷങ്ങളിലെ സ്വദേശിവത്കരണ പദ്ധതികളും ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കിനെ ബോധ്യപ്പെടുത്തണം.

വിദഗ്ധ തൊഴിലാളികളെ കിട്ടാത്ത മേഖലകളില്‍ പരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു. കുവൈത്തിലെ തദ്ദേശീയ ബാങ്കുകളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയാണ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x