Currency

മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ വീസക്കാര്‍ കാത്തിരിക്കേണ്ട; നാട്ടിലേക്ക് മടങ്ങിയില്ലെങ്കില്‍ പിഴ

സ്വന്തം ലേഖകന്‍Wednesday, September 23, 2020 1:07 pm

ദുബായ്: ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക ടൂറിസ്റ്റ് വീസക്കാരില്‍ നിന്ന് അധികൃതര്‍ പിഴ ഈടാക്കിത്തുടങ്ങി. സന്ദര്‍ശക ടൂറിസ്റ്റ് വീസക്കാര്‍ക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിരുന്ന അധികസമയം അവസാനിച്ചതിനെ തുടര്‍ന്ന് ദുബായില്‍ 21 മുതലും മറ്റു എമിറേറ്റുകളില്‍ ഇന്ന് മുതലുമാണ് പിഴ ഈടാക്കി വരുന്നത്.

ദുബായ് വീസക്കാര്‍ അനധികൃതമായി താമസിച്ച ആദ്യ ദിവസം 200 ദിര്‍ഹവും പിന്നീട് ഓരോ ദിവസത്തിന് 100 ദിര്‍ഹം വീതവുമാണ് അടയ്‌ക്കേണ്ടത്. കാലാവധി കഴിഞ്ഞ താമസ വീസക്കാര്‍ ആദ്യ ദിവസം 125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസം 25 ദിര്‍ഹം വീതവും അടയ്ക്കണം. കോവിഡ് 19 ലോക്ഡൗണിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശക ടൂറിസ്റ്റ് വീസക്കാര്‍ക്ക് സഹായമെന്ന നിലയ്ക്കാണ് അധികൃതര്‍ ഇളവ് അനുവദിച്ചത്.

മാര്‍ച്ച് ഒന്നിന് ശേഷം വീസാ കാലാവധി അവസാനിച്ചവര്‍ ഈ മാസം 10ന് മുന്‍പ് മടങ്ങിപ്പോകാന്‍ സമയം നല്‍കുകയായിരുന്നു. എന്നാല്‍, തുടര്‍ന്ന് പ്രത്യേക അറിയിപ്പില്ലാതെ 10 ദിവസം കൂടി അധികൃതര്‍ അനുവദിച്ചു. ഈ സമയവുമാണ് ഈ മാസം 20ന് അവസാനിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് യുഎഇയില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ കുടുങ്ങിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും മടങ്ങിയെങ്കിലും മറ്റു ചിലര്‍ ജോലി അന്വേഷണവുമായി നില്‍ക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x