ലണ്ടന്‍: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ പലയിടങ്ങളിലും ശനിയാഴ്ച മുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലണ്ടന്‍ നഗരത്തിലും എസെക്സ്, യോര്‍ക്ക് തുടങ്ങിയ കൗണ്ടികളിലുമാണ് ഹൈ അലര്‍ട്ട് ലിസ്റ്റില്‍ പെടുത്തി ശനിയാഴ്ച മുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വെരി ഹൈ അലേര്‍ട്ട് ലെവലിലുള്ള ലിവര്‍പൂളില്‍ നിലവില്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്.
ലണ്ടന്‍ നഗരവും നഗരത്തോടു ചേര്‍ന്നുള്ള കൗണ്ടിയായ എസെക്സും ഹൈ അലേര്‍ട്ട് ലെവലില്‍ ആകുന്നതോടെ ദശലക്ഷക്കണക്കിന് ആളുകള്‍ ശനിയാഴ്ച മുതല്‍ കനത്ത നിയന്ത്രണത്തിലാകും. മറ്റ് വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനോ താമസത്തിനോ അനുമതിയുണ്ടാകില്ല. ബന്ധുക്കള്‍ ചേര്‍ന്നുള്ള സപ്പോര്‍ട്ട് ബബിള്‍ നമ്പര്‍ പത്തായി ചുരുക്കും. സപ്പോര്‍ട്ട് ബബിളിന്റെ ഭാഗമല്ലെങ്കില്‍ ബന്ധുക്കള്‍ക്കുപോലും വീടുമാറി താമസിക്കാന്‍ അനുമതിയുണ്ടാകില്ല.
ലണ്ടന്‍ നഗരത്തിലും എസെക്സ്, സറൈ, കംബ്രിയ, യോര്‍ക്ക്, നോര്‍ത്ത് ഈസ്റ്റ് ഡെര്‍ബിഷെയര്‍, ചെസ്റ്റര്‍ ഫീല്‍ഡ്, ഡെര്‍ബിഷെയര്‍ എന്നിവിടങ്ങളിലാകും ശനിയാഴ്ച മുതല്‍ ഹൈ അലേര്‍ട്ട് ലിസ്റ്റില്‍ പെടുത്തി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
പബ്ബുകളിലും റസ്റ്ററന്റുകളിലും പരമാവധി ആറുപേര്‍ക്കേ ഒരുമിച്ച് സംഗമിക്കാനാകൂ. പത്തുമണിക്കു ശേഷം പബ്ബുകളും ബാറുകളും അടയ്ക്കും. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടീ പാര്‍ലറുകളും തുറക്കില്ല. വ്യക്തിഗത വ്യായാമങ്ങള്‍ക്കു മാത്രമായി ജിമ്മുകള്‍ തുറക്കുമെങ്കിലും ഇന്‍ഡോര്‍- ഔട്ട്ഡോര്‍ സ്പോര്ട്സുകളെല്ലാം നിര്‍ത്തലാക്കും. 15 പേരില്‍ കൂടുതല്‍ സംഗമിക്കുന്ന പൊതു പരിപാടികള്‍ക്ക് അനുമതി ഉണ്ടാകില്ല. ഒക്ടോബര്‍ 19 മുതല്‍ വിവാഹത്തിന് 25 പേരെയേ അനുവദിക്കൂ. അതിലും പാര്‍ട്ടികള്‍ പാടില്ല. മരണാനന്തര ചടങ്ങുകള്‍ക്കും 25 പേര്‍ക്ക് മാത്രമാകും അനുമതി.
വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സാഹചര്യം അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.