Currency

കുവൈത്തില്‍ വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റൈന്‍ കാലയളവ് 14 ദിവസമായി തുടരും; അഞ്ചാംഘട്ട അണ്‍ലോക്കിങ് നടപടികളില്ല

സ്വന്തം ലേഖകന്‍Friday, October 30, 2020 1:00 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റൈന്‍ കാലയളവ് പതിനാല് ദിവസമായി തുടരും. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്നും പതിനാലു ദിവസം ഗാര്‍ഹിക നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധന തുടരുമെന്നും ആണ് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ താരിഖ് അല്‍ മസ്‌റം വ്യക്തമാക്കിയത്. ഹോം ക്വാറന്റൈന്‍ നിര്‍ദേശങ്ങളില്‍ ആരോഗ്യമന്ത്രലയം മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം സര്‍ക്കാര്‍ വക്താവ് താരിഖ് അല്മസ്രം ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ ഇളവുകള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

അഞ്ചാംഘട്ട അണ്‍ലോക്കിങ് നടപടികളിലേക്ക് തല്‍ക്കാലം നീങ്ങേണ്ടതില്ലെന്നാണ് യോഗതീരുമാനം. ഇക്കാര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.

കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായുള്ള കാമ്പയിന്റെ രൂപരേഖ ആരോഗ്യമന്ത്രി ഡോ . ബാസില്‍ അസ്സ്വബാഹ് യോഗത്തില്‍ അവതരിപ്പിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ പ്രായമായവര്‍ മാറാരോഗികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവര്‍, ആവശ്യസേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നു ആരോഗ്യമന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x