Currency

കുവൈത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഇല്ല; പ്രചരണം വ്യാജമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Thursday, November 12, 2020 11:50 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് താമസകാര്യ വകുപ്പ്. മതിയായ രേഖകളും താമസാനുമതിയും ഉള്ളവര്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

60 വയസ്സിന് മുകളിലുള്ളവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് താമസകാര്യ വകുപ്പ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്. അതേസമയം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് തിരിച്ചുവരാന്‍ കഴിയില്ല. ഇഖാമ ഉടമ നാട്ടിലാണെങ്കിലും സ്‌പോണ്‌സര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം ഉണ്ട്.

ആറ് മാസത്തിലേറെ കുവൈത്തിന് പുറത്താണെങ്കില്‍ ഇഖാമ അസാധുവാകുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തില്‍ ബാധകമല്ലെന്നും ഇഖാമ കാലാവധി ഉണ്ടെങ്കില്‍ ആറ് മാസം കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിക്കും. കുട്ടികള്‍ ആറ് മാസത്തിലേറെയായി കുവൈത്തിന് പുറത്താണെന്ന് കരുതി രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കിയാല്‍ വിമാന സര്‍വീസ് പുനരാരംഭിച്ച ശേഷം ഇവര്‍ക്ക് തിരികെ എത്താമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x