Currency

അബുദാബിയില്‍ ഗവ. ജീവനക്കാരുടെ താമസ വാടക സര്‍ക്കാര്‍ നല്‍കും; വിദേശികള്‍ക്ക് പൂര്‍ണമായും ഹൗസിങ് അലവന്‍സ് ലഭിക്കും

സ്വന്തം ലേഖകന്‍Friday, November 20, 2020 7:58 pm

അബുദാബി: തലസ്ഥാന എമിറേറ്റില്‍ താമസിച്ചു ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുഴുവന്‍ ഹൗസിങ് അലവന്‍സും നല്‍കാന്‍ തീരുമാനം. യോഗ്യരായ ജീവനക്കാരുടെ അബുദാബിയില്‍ പഠിക്കുന്ന മക്കള്‍ക്കു വിദ്യാഭ്യാസ അലവന്‍സും നല്‍കും. സ്വദേശി വിദേശി വ്യത്യാസമില്ലാതെ ജീവനക്കാരുടെ ഗ്രേഡിനു ആനുപാതികമായിട്ടാകും ആനുകൂല്യം. എമിറേറ്റിനു പുറത്തു താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു അബുദാബിയിലേക്കു മാറി താമസിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കിയിട്ടുണ്ട്.

ഇതോടെ അവര്‍ക്ക് ആനുകൂല്യം വീണ്ടെടുക്കാം. നിശ്ചിത സമയപരിധിക്കകം മാറാന്‍ സാധിക്കാത്തവരുടെ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രത്യേകം തീരുമാനമെടുക്കും. സ്വന്തം ഫ്‌ലാറ്റുള്ള മലയാളികള്‍ ഉള്‍പ്പെടെ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗ്രേഡ് അനുസരിച്ച് മുഴുവന്‍ ഹൗസിങ് അലവന്‍സ് ലഭിക്കും. ഇതാദ്യമായാണ് വിദേശികള്‍ക്കു പൂര്‍ണമായും ഹൗസിങ് അലവന്‍സ് നല്‍കുന്നത്. വാടക കെട്ടിട ഉടമയ്ക്കു സര്‍ക്കാര്‍ നേരിട്ടു നല്‍കും.

മാനവശേഷി അതോറിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കാരം. ഇതുസംബന്ധിച്ച ബോധവല്‍ക്കരണത്തിനായി ശില്‍പശാല സംഘടിപ്പിക്കുമെന്നും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x