Currency

കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ജീവനക്കാര്‍ക്ക് ബോണസ്

സ്വന്തം ലേഖകന്‍Wednesday, November 25, 2020 2:45 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് അനുവദിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന സര്‍ക്കാര്‍ ജീവനക്കാരെ മൂന്ന് കാറ്റഗറികള്‍ ആയി തിരിച്ചാണ് ബോണസ് നല്‍കുക. കോവിഡ് രോഗികളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്ന ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് ഏറ്റവും റിസ്‌ക് കൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 20 ശതമാനം ബോണസ് നല്‍കും. കോവിഡ് ആരോഗ്യ മന്ത്രാലയത്തിലെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെയും കോവിഡ് പ്രതിരോധ നിരയിലുള്ള മറ്റു ജീവനക്കാര്‍ക്ക് 10 ശതമാനം ആണ് ബോണസ്.

കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്തും, ലോക്ക് ഡൗണ്‍ കാലത്തും അടിയന്തര സേവന മേഖലകളില്‍ സേവനമനുഷ്ടിച്ച വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ക്കും ബോണസിനു അര്‍ഹതയുണ്ടാകും. പൊലീസുകാര്‍, സൈനികര്‍, നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, ജല, വൈദ്യുതി മന്ത്രാലയം എന്നിവ ഇതിനോടകം ജീവനക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.

നിര്‍ണായക ഘട്ടത്തില്‍ ത്യാഗ മനസ്സോടെ ജോലി ചെയ്തവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബോണസ് വിതരണം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് വിവരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x