Currency

സൗദിയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാക്കും

സ്വന്തം ലേഖകന്‍Wednesday, December 30, 2020 5:18 pm

റിയാദ്: സൗദിയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ഇതു സംബന്ധിച്ച കരാറില്‍ ട്രാഫിക് വിഭാഗവും പബ്ലിക് പ്രൊസിക്യൂഷനും തമ്മില്‍ ധാരണയിലെത്തി. മനപ്പൂര്‍വ്വമായ ട്രാഫിക് അപടകങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിറുത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. ഗുരുതരമായ ട്രാഫിക് കേസുകള്‍ നേരിട്ട് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നതിനാണ് ധാരണ.

ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ കൈമാറ്റമാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. ഡ്രൈവറുടെ വീഴ്ചയും നിയമ ലംഘനവും കാരണം മരണത്തിനോ, അംഗവൈകല്യത്തിനോ കാരണമാകുന്ന അപകടങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിറത്താതെ പോകുകയോ, അപകടം ട്രാഫിക് വിഭാഗത്തെ അറിയിക്കാതിരിക്കുകയോ ചെയ്യല്‍, അപകടം നടത്തിയ ഡ്രൈവറെ മാറ്റി പകരം ഡ്രൈവറെ നിര്‍ദ്ദേശിക്കല്‍, പരിക്കേറ്റവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കാതരിക്കല്‍, മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇരു വിഭാഗങ്ങളും ചേര്‍ന്നാണ് ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക.

പബ്ലിക് പ്രൊസിക്യൂഷന്‍ വിഭാഗവും സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും. തുടര്‍ നടപടികള്‍ക്കും പ്രൊസിക്യൂഷന്‍ വിഭാഗമായിരിക്കും നേതൃത്വം നല്‍കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x