Currency

ഓസ്ട്രേലിയയില്‍ വാക്സിന്‍ വിതരണം ഫെബ്രുവരി 22 മുതല്‍; ആദ്യ ഡോസ് എത്തി

സ്വന്തം ലേഖകന്‍Wednesday, February 17, 2021 11:35 am

സിഡ്‌നി: തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ച ഫൈസര്‍ വാക്സിന്റെ ആദ്യ ഡോസ് ഓസ്ട്രേലിയയില്‍ എത്തിയതായി ഫെഡറല്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. വാക്സിന്റെ 142,000 ലേറെ ഡോസുകളാണ് തിങ്കളാഴ്ച ഉച്ചയോടെ യൂറോപ്പില്‍ നിന്ന് സിഡ്നിയില്‍ എത്തിയത്. പ്രതീക്ഷിച്ചതിലും നേരത്തെ വാക്സിന്‍ എത്തിയ സാഹചര്യത്തില്‍ ആദ്യ ഡോസ് ഫെബ്രുവരി 22 മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.

ആഴ്ചയില്‍ 80,000 ഡോസുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ പദ്ധതി. വിവിധ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലുമുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 50,000 ഡോസുകള്‍ മാറ്റിവയ്ക്കും. ബാക്കിയുള്ള 30,000 ഡോസുകള്‍ രാജ്യത്തെ ഏജ്ഡ് കെയറിലും ഡിസബിലിറ്റി കെയറിലുമുള്ള താമസക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് നല്‍കുക.

ഈ മാസം അവസാനത്തോടെ 60,000 ഡോസുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഹണ്ട് പറഞ്ഞു. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളും സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x