Currency

ഇനി മുതല്‍ മാര്‍ച്ച് 2 സൗദിയില്‍ ആരോഗ്യ രക്തസാക്ഷി ദിനം

സ്വന്തം ലേഖകന്‍Wednesday, March 3, 2021 3:42 pm

ദമാം: സൗദിയില്‍ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തി ഒരു വര്‍ഷം തികയുന്ന മാര്‍ച്ച് 2 ഇനി മുതല്‍ ആരോഗ്യ രക്തസാക്ഷി ദിനമായി ആചരിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ദൗത്യ നിര്‍വഹണത്തിനിടെ വൈറസ് ബാധിച്ചും കൊറോണ രോഗികളെ പരിചരിക്കുന്നതിനിടയിലും ജീവത്യാഗം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ സ്മരണാര്‍ഥമാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 2 ആരോഗ്യ രക്തസാക്ഷിദിനമായി (യൗമു ശഹീദു സ്സ്വിഹ്ഹ) ആചരിക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവരോടുള്ള ആദരവും കുടുംബത്തോടുള്ള സ്‌നേഹവും പ്രകടപ്പിക്കുന്നതിന്റെ ഭാഗമായുള്ള അംഗീകാരമാണിത്.

2020 മാര്‍ച്ച് 2 ന് ഇറാനില്‍ നിന്നു ബഹ്റൈന്‍ വഴി രാജ്യത്തേക്കു കടന്ന സൗദി പൗരനിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ബഹ്റൈന്‍ -സൗദി കോസ്വേ പാതയിലൂടെ രാജ്യത്തേക്ക് വന്ന ഇദ്ദേഹം അതിര്‍ത്തിയില്‍, ഇറാന്‍ സന്ദര്‍ശിച്ച വിവരം വെളിപ്പെടുത്താതെ സൗദിയിലേക്ക് കടക്കുകയായിരുന്നു.

തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതില്‍ അര്‍പ്പിതരായിരുന്നു ആരോഗ്യ രംഗത്തുള്ള മുഴുവന്‍ പേരും. പൗരന്റെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്വയം ത്യാഗം ചെയ്ത വിഭാഗമാണ് അവര്‍. പ്രിയപ്പെട്ട രാജ്യത്തിന്റെ ആരോഗ്യ സുരക്ഷ കാത്തു സൂക്ഷിക്കുന്നതിനും മനുഷ്യ ജീവന്‍ രക്ഷപ്പെടുത്തുന്നതിനും അത്ഭുതകരമായ രീതിയിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഇവരുടെ സ്മരണക്കാണ് ഈ ദിനമെന്ന് മന്ത്രാലയം പറഞ്ഞു. ആദ്യ വൈറസ് കണ്ടെത്തിയത് മുതല്‍ അതിനെതിരെയുള്ള രാജ്യത്തിന്റെ കരുതലും പോരാട്ടവും വിജയിപ്പിച്ച വിഭാഗം കൂടിയാണ് ആരോഗ്യ രംഗത്തുള്ളവര്‍. മന്ത്രാലയത്തിലെ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ ആരോഗ്യ രക്തസാക്ഷി യൂണിറ്റും നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടയിലോ ജോലിസ്ഥലവുമായി ബന്ധപ്പെട്ട അണുബാധ മൂലമോ മരിച്ച ‘രക്തസാക്ഷി’കള്‍ക്ക് വേണ്ടിയാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുക. ഇത്തരത്തില്‍ ഇതുവരെ 35 സ്വദേശികള്‍ ഉള്‍പ്പെടെ 186 ആരോഗ്യ പ്രവര്‍ത്തകരെയാണു രാജ്യത്തിന് നഷ്ടമായത്. 16 ഇന്ത്യക്കാരും ജീവത്യാഗം ചെയ്തവരില്‍ പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x