Currency

കാലാവസ്ഥാ വ്യതിയാനം, കര്‍ണാടകത്തില്‍ മലയാളികര്‍ഷകര്‍ ഇഞ്ചിക്കൃഷി നിര്‍ത്തുന്നു

സ്വന്തം ലേഖകന്‍Wednesday, November 23, 2016 1:01 pm

25വര്‍ഷത്തോളമായി മലയാളികര്‍ഷകര്‍ കര്‍ണാടകത്തില്‍ ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. അടുത്തവര്‍ഷം മുതല്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനു കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ പോകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കും.

മൈസൂരു: കര്‍ണാടകത്തിന്റെ വിവിധഭാഗങ്ങളിലെ ഇഞ്ചിക്കൃഷിയില്‍നിന്ന് മലയാളികര്‍ഷകര്‍ പിന്‍വാങ്ങുന്നു. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനം, പാട്ടത്തിനു കൊടുക്കേണ്ടിവരുന്ന തുക, വരള്‍ച്ചയ്ക്കുശേഷം കര്‍ണാടക സര്‍ക്കാര്‍ കൈക്കൊണ്ട പുതിയ നടപടികള്‍ തുടങ്ങിയവ കര്‍ഷകരെ കര്‍ണാടകത്തില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ്. പശ്ചിമഘട്ടം കടന്നുപോകുന്ന കര്‍ണാടക ജില്ലകളില്‍ പാട്ടത്തിനെടുത്ത 60,000 ഹെക്ടര്‍ സ്ഥലങ്ങളിലായി 18,000ത്തോളം മലയാളികര്‍ഷകരാണ് ഇഞ്ചിക്കൃഷി നടത്തിവരുന്നത്. 25വര്‍ഷത്തോളമായി മലയാളികര്‍ഷകര്‍ കര്‍ണാടകത്തില്‍ ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. അടുത്തവര്‍ഷം മുതല്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനു കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ പോകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കും.

ഇതേത്തുടര്‍ന്ന് അസം, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. മുന്‍കാലങ്ങളില്‍ ഇഞ്ചിക്ക് കുത്തനെ വിലയിടിഞ്ഞിരുന്നെങ്കിലും അടുത്തിടെ വിലയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഈ അനൂകൂലസാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളിലും ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ കര്‍ഷകര്‍ താത്പര്യപ്പെടുന്നുണ്ട്.

കര്‍ണാടകത്തില്‍ ഇഞ്ചിക്കൃഷി ജനുവരിയിലാണ് ആരംഭിക്കുക. മുതല്‍മുടക്ക് കൂടുതലായതിനാല്‍ നാലോ അഞ്ചോ കര്‍ഷകര്‍ ഒരുമിച്ചു സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. അടുത്തിടെ മികച്ചലാഭം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടവരുമുണ്ട്. കര്‍ണാടകത്തില്‍ ഇഞ്ചിക്കൃഷി നടത്തിയിരുന്ന വയനാട്ടില്‍ നിന്നുള്ള 28ഓളം കര്‍ഷകര്‍ 2008-09 കാലയളവില്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ വര്‍ഷം ഇഞ്ചിയുടെ വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. നിലവില്‍ 60 കി.ഗ്രാമിനു 1,000 രൂപയാണ് വില. ചൈനയില്‍നിന്ന് ഇഞ്ചി ഇറക്കുമതി ചെയ്യുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇഞ്ചിക്കൃഷിയില്‍ മലയാളികര്‍ഷകര്‍ മികച്ചനേട്ടം കൈവരിക്കുന്നതു മനസ്സിലാക്കിയ കന്നടകര്‍ഷകര്‍ പാട്ടത്തിനു നല്‍കിയ സ്ഥലം തിരിച്ചെടുത്തു സ്വന്തമായി കൃഷിയിറക്കാനുള്ള നീക്കത്തിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x