Currency

നമ്മ മെട്രോ ഒന്നാംഘട്ടത്തിലെ വടക്ക്‌തെക്ക് പാതയില്‍ പരീക്ഷണ ഓട്ടം തുടങ്ങി

സ്വന്തം ലേഖകന്‍Wednesday, November 23, 2016 1:07 pm

മൂന്നു മാസം പരീക്ഷണ ഓട്ടം നടത്തിയ ശേഷം പാത ഗതാഗത യോഗ്യമാണോ എന്ന് തീരുമാനിക്കും. പരീക്ഷണ ഓട്ടത്തിന് ശേഷം മെട്രോ വാണിജ്യാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങണമെങ്കില്‍ റെയില്‍ സുരക്ഷാ കമ്മിഷണറുടെ അംഗീകാരം ലഭിക്കണം.

ബംഗളൂരു: നമ്മ മെട്രോ ഒന്നാംഘട്ടത്തിലെ വടക്ക് തെക്ക് പാതയില്‍ നാഷണല്‍ കോളേജിനും പുട്ടെനഹള്ളിക്കും ഇടയില്‍ പരീക്ഷണ ഓട്ടം തുടങ്ങി. ബാറ്ററി ഉപയോഗിച്ച് സഞ്ചരിക്കുന്ന പച്ച നിറത്തിലുള്ള ട്രെയിനാണ് പരീക്ഷണ ഓട്ടത്തിനായി ഉപയോഗിക്കുന്നത്. മൂന്നു മാസം പരീക്ഷണ ഓട്ടം നടത്തിയ ശേഷം പാത ഗതാഗത യോഗ്യമാണോ എന്ന് തീരുമാനിക്കും. പരീക്ഷണ ഓട്ടത്തിന് ശേഷം മെട്രോ വാണിജ്യാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങണമെങ്കില്‍ റെയില്‍ സുരക്ഷാ കമ്മിഷണറുടെ അംഗീകാരം ലഭിക്കണം.

മൂന്നു കോച്ചുകള്‍ ഉള്ള ട്രെയിനാണ് പരീക്ഷണ ഓട്ടത്തിനായി ഉപയോഗിക്കുന്നത്. നാഷണല്‍ കോളേജിനും പുട്ടെനഹള്ളിക്കും ഇടയില്‍ എട്ടു കിലോമീറ്റര്‍ ദൂരമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ആവശ്യത്തിന് സുരക്ഷയൊരുക്കിയ ശേഷമാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. എന്നാല്‍, സാമ്പികെ റോഡിനും കെ.ആര്‍ മാര്‍ക്കറ്റിനും ഇടയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇവിടെ ട്രാക്കും സിഗ്‌നലും സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. സുരക്ഷാ പരിശോധനയെല്ലാം പൂര്‍ത്തിയാക്കി 2017 ഏപ്രിലില്‍ ഈ പാതയില്‍ മെട്രോ യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും.

നമ്മ മെട്രോയുടെ കിഴക്ക് പടിഞ്ഞാറ് ഇടനാഴി കഴിഞ്ഞ ഏപ്രിലില്‍ പൂര്‍ത്തിയായി മെട്രോ സര്‍വീസ് ആരംഭിച്ചിരുന്നു. മൈസൂരു റോഡ് മുതല്‍ ബൈയപ്പനഹള്ളി വരെ 17.9 കിലോമീറ്ററാണ് പര്‍പ്പിള്‍ ലൈന്‍. എന്നാല്‍ വടക്ക്‌തെക്ക് ഇടനാഴിയില്‍ (ഗ്രീന്‍ ലൈന്‍) നാഗസാന്ദ്ര മുതല്‍ സാമ്പികെ റോഡ് വരെ 12.4 കിലോമീറ്ററേ സര്‍വീസ് നടത്തുന്നുള്ളൂ. സാമ്പികെ റോഡ് മുതല്‍ പുട്ടനഹള്ളി വരെ 12 കിലോമീറ്ററാണ് ഇനി സര്‍വീസ് നടത്താനുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x