Currency

ന്യൂ സൗത്ത് വെയില്‍സില്‍ ഗര്‍ഭച്ഛിദ്രം ഇനി ക്രിമിനല്‍ കുറ്റമല്ല; ഇല്ലാതായത് 119 വര്‍ഷം നീണ്ട നിയമം

സ്വന്തം ലേഖകന്‍Sunday, September 29, 2019 2:09 pm

ന്യൂ സൗത്ത് വെയില്‍സ്: ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ പാസായി. 119 വര്‍ഷം പഴക്കമുള്ള NSW കുറ്റകൃത്യ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഗര്‍ഭച്ഛിദ്രം ഒഴിവാക്കുന്ന ബില്ലാണ് സംസ്ഥാന പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായത്. നിരവധി ഭേദഗതികളോടെയാണ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് കെയര്‍ റിഫോം ബില്‍ സഭ പാസാക്കിയത്.

40 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ലമെന്റിന്റെ ഉപരിസഭ ബുധനാഴ്ച രാത്രി ബില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് ഉപരിസഭയില്‍ പാസായ ഭേദഗതികളോടെ ജനപ്രതിനിധി സഭയില്‍ വീണ്ടും ബില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പില്ലാതെ തന്നെ ഇത് പാസാവുകയായിരുന്നു. സ്വതന്ത്ര എം.പി അലക്‌സ് ഗ്രീന്‍വിച്ച് അവതരിപ്പിച്ച സ്വകാര്യ ബില്ലാണ് സംസ്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഈ നിയമത്തിന് വഴിതുറന്നത്.

പ്രധാന വ്യവസ്ഥകള്‍ ഇവ:ഗര്‍ഭസ്ഥാവസ്ഥയുട ആദ്യ 22 ആഴ്ച വരെ ഒരു രജിസ്ട്രേഡ് ഡോക്ടര്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്, 22 ആഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കില്‍ രണ്ടു ഡോക്ടര്‍മാര്‍ പരിശോധിച്ച് അനുമതി നല്‍കണം, 22 ആഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ആശുപത്രി ഉപദേശക സമിതിയുടെയോ, വിദഗ്ധ സംഘത്തിന്റെയോ ഉപദേശം തേടാം എന്നതാണ് ബില്ലില്‍ വന്നിരിക്കുന്ന പ്രധാന ഭേദഗതികളിലൊന്ന്.

ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ച ശേഷവും കുട്ടി ജനിക്കുകയാണെങ്കില്‍, ആ കുട്ടിക്ക് മതിയായ പരിചരണം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്ന ഭേദഗതിയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏറെ വിവാദമുണ്ടാക്കിയ മറ്റൊരു ഭേദഗതി സഭ വോട്ടിനിട്ട് തള്ളിയിരുന്നു. ലിംഗനിര്‍ണ്ണയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കരുത് എന്നായിരുന്നു ഈ ഭേദഗതി.

ഇതുവരെയും ഗര്‍ഭച്ഛിദ്രം സംസ്ഥാനത്ത് ക്രിമിനല്‍ കുറ്റമായിരുന്നെങ്കിലും, ഗര്‍ഭം തുടരുന്നത് അമ്മയുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടാല്‍ അത് അലസിപ്പിക്കാന്‍ കഴിയുമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x