
അബുദാബി: ടോള്‍ ഗേറ്റിന് മുന്നോടിയായി മാറ്റങ്ങളുമായി അബുദാബി ബസ് സര്‍വീസ്. പുതിയ റൂട്ടില്‍ ബസ് സേവനം ആരംഭിക്കുകയും നിലവിലുള്ള റൂട്ടുകള്‍ കൂടുതല്‍ ജനവാസ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി 147 അധിക സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 43 എണ്ണം ഖലീഫ പാലം വഴിയുള്ളതായിരിക്കും. ഷഹാമ, യാസ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് നഗരത്തിലേക്ക് വരുന്നവര്‍ക്ക് ഈ ബസുകള്‍ പ്രയോജനപ്പെടുത്താം.
മഖ്ത പാലത്തിലൂടെയുള്ള 104 അധിക സേവനത്തിന്റെ പ്രയോജനം മുസഫ, ബനിയാസ്, അല്‍നഹ്ദ മേഖലകളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ലഭിക്കും. 12 റൂട്ടില്‍ 24 മണിക്കൂറും ബസ് സര്‍വീസുണ്ടാകും. വിവിധ റൂട്ടുകളിലേക്കു കൂടുതല്‍ ബസുകള്‍ അനുവദിച്ച് കാത്തിരിപ്പുസമയം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമ, പട്ടണ, നഗര മേഖലകള്‍ വ്യത്യാസമില്ലാതെ യാത്രാ നിരക്ക് ഏകീകരിച്ചു. നേരത്തെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പോകുന്നതിന് ബസുകള്‍ മാറി കയറേണ്ടിവന്നാല്‍ ഈടാക്കിയിരുന്ന വ്യത്യസ്ത നിരക്കുകള്‍ ഇല്ലാതായി. പകരം അടിസ്ഥാന നിരക്കായ 2 ദിര്‍ഹമിന് പുറമേ നിശ്ചിത പരിധിക്കപ്പുറത്തേക്കു കിലോമീറ്ററിന് 5 ഫില്‍സ് നല്കിയാല് മതിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.